ശബരിമല യുവതി പ്രവേശന വിധിയ്ക്കെതിരെ പന്തളം രാജ കുടുംബം ഇന്ന് റിവ്യു ഹര്‍ജി നല്‍കും. റിവ്യു ഹര്‍ജി നല്കുന്നതിനെപ്പറ്റി പന്തളം ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ യോഗം നടന്നിരുന്നു. ഇതിന് ശേഷമാണ് റിവ്യു ഹര്‍ജി ഇന്ന് തന്നെ നല്കാന് തീരുമാനമായത്.
ഒക്ടോബര്‍ 12 മുതല്‍ സുപ്രീം കോടതി അവധിയായതിനാലാണ് ഉടന്‍ റിവ്യു ഹര്‍ജി നല്കാന് തീരുമാനിച്ചത്. അതേസമയം ശബരിമലയിലേക്ക് നാമജപയാത്ര നടത്താനും പന്തളം രാജകുടുംബം ആലോചിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ പല സ്ഥലങ്ങളിലും നാമജപ യാത്ര നടക്കുന്നുണ്ട്. എന്നാല്‍ പന്തളം രാജകുടുംബം ഇതില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേരളാ ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്ലിഫ് ഹൗസില്‍ ചെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ശബരിമലയില്‍ പോലീസിനെ വിന്യസിക്കുന്ന കാര്യത്തിലൊരു അന്തിമ തീരുമാനമെടുക്കാന്‍ വേണ്ടിയായിരുന്നു ഇത്. അതേസമയം ശബരിമല തീര്‍ഥാടന അവലോകന യോഗം 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ ഒരുക്കങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും നിലപാടിനെതിരെ ആര്.എസ്.എസ് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധിക്കാനാണ് തീരുമാനം. ശബരിമല വിഷയത്തില്‍ കൂടിയാലോചനകള്‍ക്കായി ആര്.എസ്.എസിന് കീഴിലുള്ള 41 പരിവാര്‍ സംഘടനകളുടെ ജില്ലാഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗം എളമക്കര ഭാസ്ക്കരീയത്തില്‍ നടക്കുകയാണ്.
Discussion about this post