സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്ക്കെതിരെയെടുക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന ഘടകം ഒക്ടോബര്‍ 30 മുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരാവസ്ഥയെക്കാള്‍ മോശമായ ഒരു അവസ്ഥയാണ് ശബരിമലയില്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വാസികളെയും ബി.ജെ.പി പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒക്ടോബര്‍ 30ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഓഫീസിന് മുന്നില്‍ തന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ കോഹിനൂര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ശബരിമലയെ ഒരു സാധാരണ ക്ഷേത്രമായി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ 5ന് ഒരു ദിവസത്തേക്ക് ശബരിമലയുടെ നട തുറക്കുമ്പോള്‍ വിശ്വാസികളുടെ നിലപാടിന് ബി.ജെ.പി പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ എട്ട് മുതല്‍ പതിമൂന്ന് വരെ കാസര്‍കോഡ് മുതല്‍ ശബരിമല വരെ എന്‍.ഡി.എയുടെ നേതൃത്വത്തില്‍ ശബരിമല രഥ യാത്ര നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതില്‍ ബി.ജെ.പിയുടെയും ബി.ഡി.ജെ.എസിന്റെയും അധ്യക്ഷന്മാര് പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ കണ്ണൂരില്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാരല്ല മറിച്ച് ജനങ്ങള്‍ വലിച്ച് താഴെയിടുമെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത് കൂടാതെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ശ്രീധരന് പിള്ള ആരോപിച്ചു. ആക്രമം നടന്ന ദിവസം തന്നെ സി.സി.ടി.വി പ്രവര്‍ത്തനരഹിതമായതും സെക്യൂരിറ്റിയും സുരക്ഷയ്ക്ക് നിന്ന പോലീസും ഇല്ലാതെ പോയത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ബി.ജെ.പിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തതിനെ ബി.ജെ.പി അപലപിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post