2016ല്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തെ നക്സലുകള്‍ക്ക് വലിയ തിരിച്ചടിയായെന്ന് ബി.ജെ.പിയുടെ വിദഗ്ദ്ധ സമിതി വിലയിരുത്തി. നോട്ട് നിരോധനം മൂലം അര്‍ബന്‍ നക്സലുകളെ വെളിച്ചത്ത് കൊണ്ടുവരാന്‍ സാധിച്ചെന്നും സമിതി നടത്തിയ പഠനത്തില്‍ പറയുന്നു. 2016 നവംബര്‍ 8ന് നടപ്പിലാക്കിയ നോട്ടുനിരോധനം രണ്ടു വര്‍ഷം തികയ്ക്കുന്നതിന്റെ ഭാഗമായാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്.
നോട്ട് നിരോധനത്തിന് ശേഷം ഛത്തീസ്ഗഢിലെ ഇടത് തീവ്രവാദ സംഘടനകളുടെ കയ്യില്‍ നിന്നും കോടികളുടെ ശേഖരമാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനം നടത്തുന്നതിന്റെ ഭാഗമായി ബിജാപുര്‍, സുഗ്മ, നാരായണ്‍പുര്‍ എന്നിവിടങ്ങളിലെ ആദിവാസികളുമായും, കീഴടങ്ങിയ മാവോയിസ്റ്റുകളുമായും ബി.ജെ.പിയുടെ സംഘം സംസാരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നോട്ട് നിരോധനം മൂലം മാവോയിസ്റ്റുകളുടെ സാമ്പത്തിക സ്രോതസ്സ് വലിയ രീതിയില്‍ കുറഞ്ഞുവെന്നും അവരുടെ ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന് സഹായകരമായെന്നും പഠനം കണ്ടെത്തി.
അതേസമയം നോട്ട് നിരോധനം മൂലം അര്‍ബന്‍ നക്സലുകളെ വെളിച്ചത്തേക്ക് കൊണ്ടുവരാന്‍ സാധിച്ചുവെന്നും പഠനം അവകാശപ്പെടുന്നു. ‘കാടുകളില്‍ ആക്രമണം നടത്തുന്ന മാവോയിസ്റ്റുകളുടെ സമാന ചിന്താഗതിയാണ് അര്‍ബന്‍ നക്സല്‍ എന്നറിയപ്പെടുന്നവര്ക്കും. മാവോയിസ്റ്റുകള്‍ കാടുകളില്‍ തുറന്ന ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അര്‍ബന്‍ നക്സലുകള്‍ പാര്ശ്വവല്കരിക്കപ്പെട്ടവരുടെയും വര്‍ഗ്ഗവ്യത്യാസത്തിന്റെയും പേരില്‍ മാവോ ആശയങ്ങള്‍ പരത്തുന്നു’- റിപ്പോര്‍ട്ടില്‍ പറയുന്നു.
2015നെ അപേക്ഷിച്ച് മാവോയിസ്റ്റുകളുടെ അറസ്റ്റുകളും കീഴടങ്ങലുകളും 55 ശതമാനം വര്‍ദ്ധിച്ചതായി ബി.ജെ.പി എം.പിയും വിദഗ്ദസമിതിയുടെ ഡയറക്ടറുമായ വിനയ് സഹസ്രബുദ്ധി അവകാശപ്പെടുന്നു. നോട്ട് നിരോധനം മൂലം പിന്‍വലിച്ച നോട്ടുകളില്‍ 99.40 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്.ബി.ഐ ഓഗ്സ്റ്റില്‍ അറിയിച്ചിരുന്നു.
Discussion about this post