ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആപ്പായ നമോ ആപ്പിലൂടെയും പ്രചരണം കൊഴുക്കുന്നു. ആപ്പിലൂടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ഒരു സര്‍വ്വേയാണ് മോദി നടത്തുന്നത്. ഇതില്‍ ജനങ്ങള്‍ നേരിട്ട് അഭിപ്രായം രേഖപ്പെടുത്തണമെന്നും അദ്ദേഹം ഫെസ്ബുക്ക്, ട്വിറ്റര്‍ വീഡിയോയിലൂടെ അപേക്ഷിച്ചു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്താനും ബി.ജെ.പിയുടെ പ്രാദേശിക ഘടകങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങള്‍ നമോ ആപ്പിലുണ്ട്. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍പ് എന്തെല്ലാം പ്രശ്നങ്ങളാണ് നിങ്ങള്‍ പരിഗണിക്കുകയെന്ന് വിശദീകരിക്കാനും, പ്രദേശത്തെ പ്രശസ്തരായ മൂന്ന് ബി.ജെ.പി. നേതാക്കളുടെ പേര് രേഖപ്പെടുത്താനും സര്‍വേയില്‍ ആവശ്യപ്പെടുന്നു. കൂടാതെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് നിങ്ങള്‍ എത്ര റേറ്റിംഗ് നല്‍കുമെന്നും ചോദ്യമുണ്ട്. ഇതിന് പുറമെ ബി.ജെ.പി.ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടോ എന്നും, ബി.ജെ.പിക്ക് വേണ്ടി എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടോ എന്നും സര്‍വേയില്‍ ചോദിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് പുറമെ പുതിയ രാഷ്ട്രീയസഖ്യങ്ങളെക്കുറിച്ചും സര്‍വേയില്‍ ചോദ്യങ്ങളുണ്ട്. ഈ സഖ്യങ്ങള്‍ സര്‍വ്വേയില്‍ പങ്കെടുക്കുന്നവരുടെ മേഖലയില്‍ സ്വാധീനമുണ്ടാക്കുമെന്ന് കരുതുന്നുണ്ടോയെന്നും പ്രധാനമന്ത്രി ചോദിക്കുന്നു.
ജനങ്ങളുടെ പ്രതികരണം ബി.ജെ.പിക്ക് പല സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ സഹായകരമാകുമെന്നും മോദി പറയുന്നു. ബി.ജെ.പി. സ്ഥാനാര്‍ഥി നിര്ണയത്തിനുവരെ ഈ സര്‍വേ സഹായകരമാകുമെന്നുമാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്.
Discussion about this post