ഉത്തര്‍ പ്രദേശില്‍ നടന്ന വിഷമദ്യ ദുരന്തത്തെപ്പറ്റി അന്വേഷിക്കാന്‍ വേണ്ടി അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്ത് യോഗി സര്‍ക്കാര്‍ നിയോഗിച്ചു. എ.ഡി.ജി.പി സഞ്ജയ് സിംഘാലാണ് സംഘത്തിന് നേതൃത്വം നല്‍കുക. മദ്യദുരന്തത്തില്‍ കുറഞ്ഞത് 97 പേരെങ്കിലും ഉത്തര്‍ പ്രദേശിലും അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലും കൊല്ലപ്പെട്ടിട്ടുണ്ട്.
സഞ്ജയ് സിംഘാലിന് പുറമെ ഗൊരഖ്പൂര്‍ ഡിവിഷന് കമ്മീഷണര്‍ അമിത് ഗുപ്ത, ഗൊരഖ്പൂര്‍ ഐ.ജി ജയ് നാരായണ്‍ സിംഗ്, സഹരണ്‍പൂര്‍ കമ്മീഷണര്‍ ചന്ദ്ര പ്രകാശ് ത്രിപാഠി, സഹരണ്‍പൂര്‍ സോണ്‍ ഐ.ഡി അര്‍വിന്ദ് കുമാര്‍ എന്നിവരും സംഘത്തിലുള്‍പ്പെടുന്നു. 10 ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മദ്യദുരന്തത്തിന്റെ കാരണം കണ്ടുപിടിക്കുന്നതിന് പുറമെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്താനും സംഘത്തിന് നിര്‍ദ്ദേശമുണ്ട്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ചികിത്സ തേടുന്നവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് യോഗി ആദിത്യനാഥ് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
Discussion about this post