കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ പ്രതിചേര്‍ക്കാന്‍ തയ്യാറാകാതെ പൊലീസ്. ചവറ തെക്കുംഭാഗത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന് പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്ന് മരിച്ച രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്സാക്ഷികളും മൊഴി നല്‍കിയിരുന്നു.
വിദ്യാര്‍ഥിയെ തലയക്കടിച്ച കേസില്‍ ജയില്‍ വാര്ഡന് വിനീതിനെ മാത്രം പ്രതിചേര്‍ത്ത് മറ്റുള്ളവരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു എന്നാണ് ആരോപണം. മാധ്യമങ്ങള്‍ക്ക് മുന്നിലും ദൃക്സാക്ഷി മൊഴികളിലും സരസന് പിള്ളയുടെ പേരുണ്ടായിട്ടും പ്രതിചേര്‍ക്കാനോ കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയ്യാറാകാത്തത് എന്താണെന്നും കുടുംബം ചോദിക്കുന്നു.
തലയ്ക്ക് അടിച്ച് വീഴ്ത്തിയത് ജയില്‍ വാര്ഡന് വിനീതാണ് അതു കൊണ്ടാണ് വിനീതിനെതിരെ മാത്രം നടപടി എടുത്തത്. സരസന് പിള്ളക്കെതിരെ മറ്റ് തെളിവുകള്‍ കിട്ടിയില്ലെന്നും പൊലീസ് പറഞ്ഞു.എന്നാല്‍ രഞ്ജിത്തിന്റെ വീട്ടിലെത്തിയ സംഘത്തില്‍ സരസന് പിള്ള ഉണ്ടായിരുന്നു.എന്നിട്ടും പോലീസ് തെളിവില്ല എന്നാണ് പറയുന്നത്.
തുടക്കം മുതല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയില്‍ വാര്ഡന് വിനീതിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ബന്ധുവായ പെണ്‍കുട്ടിയെ കളിയാക്കി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
Discussion about this post