അങ്കമാലി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചാലക്കുടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എ.എന്‍ രാധാകൃഷ്ണനെതിരെയും കൂടുതല്‍ കേസുകള്‍ ചുമത്തി സംസ്ഥാന സര്‍ക്കാര്‍. 126 കേസുകളാണ് എ.എന്‍ രാധാകൃഷ്ണനെതിരെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചുമത്തിയിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
നേരത്തെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് എ.എന്‍ രാധാകൃഷ്ണനെതിരെ പോലിസ് എടുത്തിരുന്നത്. തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെന്ന കേസില്‍ എ.എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. മറ്റ് കേസുകളിലും എഎന്‍ആര്‍ ജാമ്യത്തിലാണ്.
നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് പിറകെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കേസുകള്‍ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും നോട്ടിസോ മറ്റ് അറിയിപ്പുകളോ ലഭിച്ചിട്ടില്ലെന്നും എ.എന്‍ രാധാകൃഷ്ണന് പറയുന്നു. മനപൂര്വ്വ് തെരഞ്ഞെടുപ്പ് പ്രചരണം അട്ടിമറിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ കേസുകള്‍ സര്‍ക്കാര്‍ ചുമത്തിയ കാര്യം വ്യക്തമാക്കി വീണ്ടും നാമനിര്‍ദ്ദേശ പത്രിക വൈകാതെ തന്നെ സമര്‍പ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായ ബിജെപി നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നും ബിജെപി ആരോപിക്കുന്നു. പല കേസുകളും കള്ളക്കേസുകളാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. നേരത്തെ മുതല്‍ ശബരിപ്രക്ഷോഭത്തിന്റെ പേരില്‍ ബിജെപിനേതാക്കളെയും പ്രവര്‍ത്തകരെയും പോലിസ് വേട്ടയാടുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് അത് തുടരുകയാണെന്നും ബിജെപി ആരോപിച്ചു.
പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ 242 കേസുകളാണ് സര്‍ക്കാര്‍ പുതിയതായി ചുമത്തിയിരിക്കുന്നത്. കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടുമായ പ്രകാശ് ബാബുവിനെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. റിമാന്റില്‍ കഴിയുന്ന പ്രകാശം ബാബുവിന് ജയിലില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക നല്കാന് കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു.
Discussion about this post