ബലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനക്ക് പ്രശംസയുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. കുറ്റമറ്റ കൃത്യനിര്‍വഹണമാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പ്രശംസ. പ്രതിരോധമന്ത്രാലയം പുറത്ത് വിട്ട പത്രക്കുറിപ്പാലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഇന്ത്യന്‍ വ്യോമസേന വിജയകരമായി പൂര്‍ത്തിയാക്കിയ അഭ്യാസ പ്രകടനങ്ങളായ ഗഗന്‍ശക്തി(2018)യും വായു ശക്തി(2019)യും ബാലാകോട്ട് വ്യോമാക്രമണത്തിലും വ്യക്തമായി പ്രതിഫലിച്ചിരുന്നു. പാക് വ്യോമസേനയുടെ പ്രതിരോധവിമാനം തകര്‍ത്ത അഭിനന്ദന് വര്‍ദ്ധമാനെയും നിര്‍മല സീതാരാമന് പ്രശംസിച്ചു.
വ്യോമസേന നല്കുന്ന ഏറ്റവും മികച്ച പരിശീലനങ്ങളുടെ കൃത്യമായ പ്രതിഫലനം ആ സമയത്ത് കണ്ടതായി മന്ത്രി പറഞ്ഞു. പാക് പിടിയിലായ അഭിനന്ദന് വര്‍ദ്ധമാനെ ഇന്ത്യയുടെ കൃത്യമായ നയതന്ത്ര ഇടപെടലുകളോടെ മാര്‍ച്ച് ഒന്നിനാണ് പാകിസ്ഥാന് വിട്ടയക്കുന്നത്.വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പോര്‍വിമാനങ്ങളെ ചെറുക്കുന്നതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമാവുകയും അഭിനന്ദന് പാകിസ്താന്റെ പിടിയിലാവുകയും ചെയ്തത്.
ഫെബ്രുവരി 14ന് പുല്‍വാമയില്‍ ഇന്ത്യന്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയതോടെയാണ് പാകിസ്ഥാനിലെ ജെയ്ഷ് ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്.
Discussion about this post