വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഏല് വിധേനയും വോട്ടു കൂട്ടാനുള്ള തന്ത്രത്തില്‍ സിപിഎം. വലിയ തിരിച്ചടിയിലേക്ക് നീങ്ങുന്നു എന്ന് വിലയിരുത്തപ്പെട്ട ആലപ്പുഴ, ചാലക്കുടി, എറണാകുളം മണ്ഡലങ്ങളില്‍ തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്ന സംഘടനകളുടെ വരെ പിന്തുണ തേടികൊണ്ടാണ് എല്‍ഡിഎഫിന്റെ നീക്കമെന്നാണ് ആരോപണ.
എസ്ഡിപിഐ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ പലിടത്തും അവരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ച് സിപിഎം പരാജയപ്പെട്ടിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ മധ്യകേരളത്തിലെ ത്രികോണമത്സരം നടക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ എസ്ഡിപിഐയുമായി സിപിഎം ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ എസ്ഡിപിഐ നേതൃത്വവുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് ധാരണയായത്.
ചാലക്കുടിയില്‍ ഇന്നസെന്റിനും, എറണാകുളത്ത് പി രാജീവിനും, ആലപ്പുഴയില്‍ എഎം ആരിഫിനും എസ്ഡിപിഐ വോട്ടുമറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിപിഎം മുന്‍കൈ എടുത്ത് നടത്തിയ നീക്കം പാര്‍ട്ടിക്കകത്ത് തന്നെ അതൃപ്തിയുണ്ടാക്കുന്നുവെന്നാണ് വിവരം.
ആലപ്പുഴയില്‍ നേരത്തെ തന്നെ അഭിമന്യുവധക്കേസിലെ കൊലയാളികളായ എസ്ഡിപിഐ-എന്‍ഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥിയായ സിപിഎം നേതാവ് തന്നെ മുന്‍കൈ എടുത്താണ് എസ്ഡിപിഐ ക്കാരായ പ്രതികളെ സംരക്ഷിച്ചതെന്ന ആക്ഷേപവും രഹസ്യമായി ചിലര്‍ ഉയര്‍ത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചില കേന്ദ്രങ്ങള്‍ ആരിഫിനെതിരെ ഇത് രഹസ്യ ആയുധമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഏതാണ് പരസ്യമായി തന്നെ എസ്ഡിപിഐ പിന്തുണ തേടിയതോടെ സിപിഎമ്മിനകത്തുള്ള അസംതൃപ്തി ശക്തമാവുകയാണ്. തെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടി നല്‍കുമെന്ന ആശങ്ക എല്‍ഡിഎഫിനുണ്ട്. എന്നാല്‍ എസ്ഡിപിഐ വോട്ടുകള്‍ നിര്‍ണായകമാണെന്നാണ് ചില എല്‍ഡിഎഫ് നേതാക്കളുടെ മനസിലിരിപ്പ്.
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി നേതാവായ അഭിമന്യുവിന്റെ കൊലപാതകം മണ്ഡലത്തിലും വലിയ ചര്‍ച്ചാ വിഷയമായിരുന്നു. സിപിഎം ജില്ല കമ്മറ്റി ഇടപെട്ട് എസ്ഡിപിഐയുമായി ധാരണയുണ്ടാക്കി കേസ് അട്ടിമറിച്ചുവെന്ന ആരോപണം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമാണ്. കൊലയാളിയെ ഇതുവരെ പിടിക്കാത്തത് ചില കേന്ദ്രങ്ങളുടെ സമര്‍ദ്ദം മൂലമാണെന്ന ആരോപണം നേരത്തെ തന്നെ ഉള്ളതാണ്. പി രാജീവിന് ശക്തമായ സ്വാധീനമുള്ള എറണാകുളം ജില്ല കമ്മറ്റിയിലെ ചിലരുടെ ഇടപെടലുകള്‍ക്കെതിരെ അതൃപ്തി പാര്‍ട്ടി തലത്തില്‍ ഉയരുകയും ചെയ്തിരുന്നു.
ചാലക്കുടിയില്‍ ഇന്നസെന്റ് തോല്‍ക്കുമെന്ന സര്‍വ്വേ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു. പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും വലിയ തിരിച്ചടി നേരിട്ടു. ഇതേ തുടര്‍ന്നാണ് എസ്ഡിപിഐ വോട്ടുകള്‍ എങ്ങനെയെങ്കിലും നേടുക എന്ന സാധ്യതയിലേക്ക് സിപിഎമ്മും ഇടത് മുന്നണിയും തിരിഞ്ഞത്. പാര്‍ട്ടിക്കകത്ത് ഇതിനെതിരെ വലിയ എതിര്‍പ്പുണ്ടെങ്കിലും അത് അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം.
സിപിഎം- എസ്ഡിപിഐ ധാരണ വലിയ തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് ബിജെപി മൂന്ന് മണ്ഡലങ്ങളിലും ഒരുങ്ങുന്നത്. വര്‍ഗ്ഗീയ തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് ജയിക്കാമെന്ന വ്യാമോഹം വോട്ടര്‍മാര്‍ തിരിച്ചറിയുന്നുവെന്ന് എന്‍ഡിഎ നേതാക്കള്‍ പറഞ്ഞു. ധാരണ സംബന്ധിച്ച വിശദാംശങ്ങള്‍ ഇടത് സ്ഥാനാര്‍ത്ഥികളുടെ തോല്‍വിക്ക് പിറകെ പുറത്ത് വരുമെന്നും അവര്‍ പറയുന്നു.
Discussion about this post