കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അന്യസംസ്ഥാന വിദ്യാർഥികൾക്കും പ്രവേശനത്തിന് അപേക്ഷ നൽകാൻ സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതി. ഇതിനായി ഓൺലൈൻ അപേക്ഷാസംവിധാനം മേയ് 20 വരെ തുറന്നുവെക്കാനും ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാനതീയതി മാർച്ച് 31 ആയിരുന്നു. എന്നാൽ, പ്രോസ്പക്ടസിൽ പറയുന്ന സ്വദേശിനിബന്ധനകാരണം സംസ്ഥാനത്തിന് പുറത്തുള്ളവർ അപേക്ഷിച്ചിരുന്നില്ല. ഈ വകുപ്പ് ചോദ്യംചെയ്തുകൊണ്ട് സ്വകാര്യ മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കേരളമാതൃക വ്യാപിപ്പിച്ചാൽ വിദ്യാർഥികൾക്ക് അവരവരുടെ സംസ്ഥാനത്തുമാത്രമേ ഉന്നതവിദ്യാഭ്യാസം സാധ്യമാകൂവെന്ന അവസ്ഥയുണ്ടാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി.
കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് പ്രവേശനാനുമതി നിഷേധിക്കുന്ന വകുപ്പ് ഫലത്തിൽ സ്റ്റേചെയ്യുന്നതാണ് സുപ്രീംകോടതിയുടെ നടപടി.
ഓഗസ്റ്റ് 20-ന് കേസിൽ തുടർവാദം കേൾക്കും. അതിനുമുമ്പ് അത്യാവശ്യമുണ്ടെങ്കിൽ അവധിക്കാലബെഞ്ചിനെ സമീപിക്കാനും ഹർജിക്കാരായ കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ്സ് അസോസിയേഷന് കോടതി അനുമതി നൽകി.
Discussion about this post