റഷ്യയുമായുള്ള മിസൈൽ പ്രതിരോധ സംവിധാനം, എസ്–400 കരാറുമായി മുന്നോട്ടു പോകുന്നതിനെതിരെ ഇന്ത്യക്ക് അമേരിക്കയുടെ താക്കീത്. ഇന്ത്യ റഷ്യയിൽ നിന്ന് എസ്–400 വാങ്ങിയാൽ തങ്ങളുമായുള്ള ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കരാറുമായി മുന്നോട്ടു പോയാല്‍ ഇന്ത്യ–അമേരിക്ക പ്രതിരോധ ബന്ധങ്ങളിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട് .
അതേ സമയം സൈനിക ഇടപാടിന് റഷ്യയ്ക്കെതിരായ അമേരിക്കയുടെ ഉപരോധം ഇന്ത്യയ്ക്ക് ഭീഷണിയോ തടസ്സമോ അല്ലെന്ന് നേരത്തെ തന്നെ അമേരിക്കയെ അറിയിച്ചിട്ടുണ്ട് . എസ്–400 വാങ്ങുന്ന കരാറിൽ ഇന്ത്യ നേരത്തെ തന്നെ ധാരണയിലെത്തിയതാണ്. ഇക്കാര്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ ഉറപ്പിച്ച് പറഞ്ഞതുമാണ് .
നേരത്തെ റഷ്യയുമായുള്ള മിസൈൽ ഇടപാടിന്റെ പേരിൽ ഇന്ത്യയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണി ഉയർത്തിയിരുന്നു . എന്നാൽ യുഎസ് ഭീഷണിയ്ക്കു മുന്നിൽ കരാർ ഉപേക്ഷിക്കില്ലെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി .
ഇന്ത്യ പോലുള്ള രാജ്യം റഷ്യൻ പ്രതിരോധ സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള നീക്കം റഷ്യക്ക് തെറ്റായ സന്ദേശമാകും നൽകുന്നതെന്നാണ് ട്രമ്പിന്റെ നിലപാട് . റഷ്യയുമായുള്ള കരാറിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്ന സൂചനയാണ് ഇത്തവണയും നൽകുന്നത് .
Discussion about this post