നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഡിജിപിയുടെ ഉത്തരവ്. മൂന്നരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് ഡിജിപിയുടെ നിര്‍ദ്ദേശം .
യു.എന്‍.എയില്‍ നിന്നും മൂന്ന് കോടിയിലധികം രൂപ ദേശീയ നേതൃത്വം വെട്ടിച്ചതായിട്ടായിരുന്നു പരാതി. സമഗ്രമായ അന്വേഷണവും രേഖകളുടെ ഫോറന്‍സിക് പരിശോധനയും നടത്തണം എന്ന് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിരുന്നു. ഇപ്പോഴത്തെ അന്വേഷണത്തോട് ജാസ്മിന് ഷാ സഹകരിക്കുന്നില്ല എന്നും ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു.
പരാതിയിന്മേല് അന്വേഷണം നടത്തണമെങ്കില്‍ കേസ് രെജിസ്റ്റര്‍ ചെയ്യണം. കൂടാതെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യണം. എന്നാല്‍ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സാധിക്കു എന്നാണു ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.
സംഘടനയുടെ വൈസ് പ്രസിഡന്റ് നല്കിയ പരാതിയിന്മേല് തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത്. എന്നാല്‍ പ്രാഥമികമായ അന്വേഷണത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് അന്വേഷണം തൃപ്തികരമല്ല എന്ന പരാതി ഉയര്‍ന്ന് വന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പിയ്ക്ക് അന്വേഷണം കൈമാറിയത്.
ചാരിറ്റബിൾ ട്രസ്റ്റ് ആക്ടും ട്രേഡ് യൂണിയൻ രജിസ്ട്രേഷനും അനുസരിച്ച് പൊതുജനങ്ങളിൽനിന്നു പണം പിരിച്ചു നടത്തുന്ന സംഘടനയുടെ സാമ്പത്തിക ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് പരാതി.
Discussion about this post