രാംപുർ: സമാജ് വാദി പാർട്ടി നേതാവ് അസം ഖാന്റെ ഭൂമാഫിയ ഇടപാടുകൾക്കെതിരെ ആദായ നികുതി വകുപ്പ്. അനധികൃത ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് പത്ത് പുതിയ കേസുകളാണ് അസം ഖാനും സംഘത്തിനുമെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അസം ഖാന് പുറമെ അദ്ദേഹത്തിന്റെ കൂട്ടാളിയായ അലി ഹസ്സനെതിരെയും ആദായ നികുതി വകുപ്പ് കെസെടുത്തിട്ടുണ്ട്. ഇയാൾ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും നിലവിൽ മുഹമ്മദ് അലി ജോഹർ സർവ്വകലാശാലയിലെ സുരക്ഷാ വിഭാഗം മേധാവിയുമാണ്.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് സർക്കാരിന്റെ ഭൂമാഫിയ വിരുദ്ധ വെബ്സൈറ്റിൽ അസം ഖാന്റെ വിവരങ്ങൾ ചേർത്തിരുന്നു. രാംപുരിലെ അസീം നഗർ പൊലീസ് സ്റ്റേഷനിലാണ് കേസുകൾ എടുത്തിരിക്കുന്നത്. ഇതൊടെ അനധികൃത ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് അസം ഖാന്റെ പേരിൽ നിലവിലുള്ള കേസുകളുടെ എണ്ണം ഇരുപത്തിമൂന്നായി.
സംസ്ഥാന സർക്കാർ നേരിട്ട് വിവരങ്ങൾ സമർപ്പിച്ച ഇത്തരം കേസുകൾ ഗുരുതര സ്വഭാവമുള്ളവയാണെന്നും അതിനാൽ തന്നെ ഉചിതമായ നടപടികളുണ്ടാകുമെന്നും രാംപുർ ജില്ലാ മജിസ്ട്രേറ്റ് ആഞ്ജനേയ കുമാർ അറിയിച്ചു.
Discussion about this post