തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടക്കുന്നതായി സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതി. മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ കാണാനെത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് അപവാദ പ്രചരണത്തിന് ഉപയോഗിക്കുന്നത്. സംഭവത്തില്‍ പോലീസിന് പരാതി നല്‍കുമെന്നും മാനന്തവാടി രൂപതയുടെ പി.ആര്. ടീമില്‍ അംഗമായ വൈദികനാണ് ഇതിന്റെ പിന്നിലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു.
കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതല്‍ തനിക്കെതിരെ പലതരത്തിലുള്ള അപവാദപ്രചരണം നടക്കുന്നുണ്ട്. വൈദികന്റെ ഫേക്ക് ഐഡിയില്‍നിന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കി ഉത്തരവിട്ടെങ്കിലും അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെ മഠത്തില്‍ തുടരും. മഠത്തിലെ മറ്റു സിസ്റ്റര്‍മാര്‍ക്ക് തനിക്ക് സംരക്ഷണം നല്കാന് കഴിയില്ലെങ്കില്‍ അവര്‍ മഠത്തില്‍നിന്ന് പുറത്തുപോകട്ടെയെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.
കഴിഞ്ഞദിവസം സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് മഠത്തിന്റെ ഗേറ്റ് തുറന്നത്. ഈ സമയത്താണ് മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ സിസ്റ്റര്‍ ലൂസിയുടെ പ്രതികരണംതേടി മഠത്തിലെത്തിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് എഫ്.സി.സി. സന്ന്യാസ സഭയില്‍നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയിരുന്നു.
Discussion about this post