അജ്മാൻ: ചെക്ക് കേസിൽ കോടതിക്ക് പുറത്ത് ഒത്തു തീർപ്പിന് തയ്യാറല്ലെന്ന് തുഷാർ വെള്ളാപ്പള്ളി. പത്ത് വർഷം മുമ്പത്തെ സംഭവം ഇപ്പോൾ കുത്തിപ്പൊക്കിയത് ഗൂഢാലോചനയുടെ ഭാഗമാണ്. നാസിലിന് പലപ്പോഴായി പണം നൽകിയിരുന്നുവെന്നും എന്നാൽ വ്യാജരേഖ ചമച്ച് നിയമ നടപടികളിൽ പെടുത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഒത്ത് തീർപ്പ് ചർച്ചക്ക് എന്ന വ്യാജേന അജ്മാനിൽ വിളിച്ചു വരുത്തുകയായിരുന്നുവെന്നും തുഷാർ പറഞ്ഞു.
നാസിൽ അബ്ദുള്ളയുടെ പരാതിയിൽ പറയുന്ന ചെക്കിന് നിയമസാധുതയില്ലെന്ന് തുഷാർ പറയുന്നു. പലപ്പോഴായി പണം നല്‍കിയിട്ടും തീയതി രേഖപ്പെടുത്താത്ത ചെക്കില്‍ പുതിയ തീയതി എഴുതിച്ചേര്‍ത്ത് നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസ വഞ്ചനയാണെന്നും തുഷാര്‍ ആരോപിക്കുന്നു.
അതിനിടെ തുഷാറിനെതിരെ പരാതി നൽകിയ നാസിലിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. നാസിൽ അബ്ദുള്ള എന്താണ് ചെയ്യുന്നത്, ഇയാൾ എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങൾ പൊലീസ് ചോദിച്ചു മനസ്സിലാക്കി. കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന നാസിൽ രണ്ട് വർഷം മുൻപാണ് നാട്ടിലെത്തിയതെന്ന് പൊലീസ് മനസ്സിലാക്കി. ഇന്ന് ഉച്ചയോടെയായിരുന്നു റെയ്ഡ്. പരിശോധന അര മണിക്കൂർ നീണ്ടു.
Discussion about this post