വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും, മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും, കോന്നിയിൽ ശോഭാ സുരേന്ദ്രനും സ്ഥാനാർഥിയായേക്കുമെന്ന് സൂചന. സംസ്ഥാനസമിതി ദേശീയ നേതൃത്വത്തിനയച്ച പട്ടികയിൽ ഇവർക്കാണ് മുൻ തൂക്കം നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞടുപ്പിന് മുൻപായി നടക്കുന്ന തെരഞ്ഞടുപ്പായതുകൊണ്ട് വിജയസാധ്യതയുള്ളവർതന്നെ മത്സരിക്കണമെന്നതാണ് പാർട്ടിയിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ ശബരിമല തന്നെ മുഖ്യപ്രചാരണവിഷയമാക്കാനാണ് ഇന്ന് ചേർന്ന സംസ്ഥാന ഭാരവാഹിയോഗത്തിന്റെ തീരുമാനം. അതോടൊപ്പം മോദിയുടെ ഭരണനേട്ടങ്ങളും പ്രചാരണത്തിൽ മുഖ്യവിഷയമാകും.
കുമ്മനം രാജശേഖരന് മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നാൽ എം.ടി. രമേശിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനും ബിജെപി നീക്കം നടത്തുന്നുണ്ട്.കോന്നിയിൽ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരെയാണു പരിഗണിക്കുന്നത്. മഞ്ചേശ്വരത്തു ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യനായ പൊതുവ്യക്തിയെ കണ്ടെത്താനാണു നീക്കം. കോന്നിയിലോ മഞ്ചേശ്വരത്തോ കെ. സുരേന്ദ്രൻ മത്സരിക്കണമെന്നു ബിജെപി സംസ്ഥാന സമിതിയിൽ ആവശ്യമുയർന്നു.
Discussion about this post