മലങ്കര സഭാ തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സംസ്ഥാനസർക്കാരിനും പൊലീസിനുമെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. സഭയ്ക്ക് കീഴിലുള്ള പള്ളികളുടെ ഉടമസ്ഥത ഓർത്തഡോക്സ് വിഭാഗത്തിനാണെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ സഹായിക്കുന്നില്ലെന്ന് കാട്ടിയാണ് ഹർജി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുക.
എന്നാൽ പിറവം പള്ളിയിൽ കനത്ത പൊലീസ് കാവലിൽ ഞായറാഴ്ച ഓർത്തഡോക്സ് വിഭാഗം എത്തി പ്രാർത്ഥന നടത്തിയതുൾപ്പടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും സർക്കാരിന്റെ മറുവാദങ്ങൾ. ഓരോ പള്ളികളിലുമായി പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും, സമവായത്തിലൂടെ വിധി നടപ്പാക്കാൻ ശ്രമിച്ചുവരികയാണെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിക്കും.
പിറവം പള്ളിത്തർക്കം അതിന്റെ മൂർദ്ധന്യത്തിലെത്തുകയും യാക്കോബായ വിഭാഗക്കാർ പള്ളിയ്ക്കുള്ളിൽ നിലയുറപ്പിച്ച് ഗേറ്റ് പൂട്ടി, ഓർത്തഡോക്സുകാരെ പുറത്താക്കുകയും ചെയ്തപ്പോഴാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്. എന്നാലിതിന് ഇനി പ്രസക്തിയില്ലെന്നാണ് സർക്കാർ നിലപാട്.
Discussion about this post