തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ വെളിച്ചം തേടി ഓടിയ കുട്ടി ചെന്നെത്തുന്നത് ആകാശംമുട്ടെ ഉയരത്തിലുള്ള അനേകം കെട്ടിടങ്ങൾക്കിടയിലേക്ക്.അത്യാധുനിക നഗരമെന്ന് തോന്നിക്കുന്ന ഇടത്തിന്റെ ഒത്തനടുക്ക് സാക്ഷാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പടുകൂറ്റൻ സ്വർണ പ്രതിമ. തെരുവിലൂടെ ട്രംപിന്റെ മുഖമുള്ള ഹൈഡ്രജൻ ബലൂണുകളും കൈകളിലേന്തി കളിച്ചുല്ലസിച്ച് ഓടിനടക്കുന്ന കുട്ടികൾ. ശാന്തമായ,മനോഹരമായ കടൽത്തരത്ത് പണം വാരിവിതറുന്ന ശതകോടീശ്വരൻ എലോൺ മസ്‌ക്. വിഭവസമൃദമായ ഭക്ഷണം രുചിച്ച് ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ അരികിലേക്ക് എത്തുന്ന സുന്ദരിമാർ. നിസാപാർട്ടിയിൽ സുന്ദരിമർക്കൊപ്പം നിൽക്കുന്ന ട്രംപ്, മറ്റൊരുസീനിൽ കടൽത്തീരവസ്ത്രമണിഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ശീതളപാനീയം നുകരുന്ന ട്രംപ്. ഗാസയെ ഏറ്റെടുത്ത് പുണ്യപൂങ്കാവനമാക്കിയാൽ ഇങ്ങനെയിരിക്കുമെന്ന് എഐയിലൂടെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ട്രംപ്, ട്രംപ് ഗാസ എന്ന പേരിൽ പൂർണമായും നിർമ്മിത ബുദ്ധിയിൽ ചിത്രീകരിച്ച വീഡിയോ തന്റെ ഇൻസ്റ്റഗ്രാം ഏക്കൗണ്ടിലൂടെയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
മാസ് ഇസ്രായേൽ യുദ്ധത്തിൽ തകർന്ന ഗാസ ഏറ്റെടുത്ത് പുനർനിർമ്മിക്കുമെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിട്ടുള്ളതാണ്.ഗാസയിൽ നിലവിലുള്ള പലസ്തീൻകാർ അവിടം വിട്ട് ഗൾഫ്രാജ്യങ്ങളിലേക്ക് പോയിക്കോട്ടെ. ഗാസയെ സമ്പൂർണമായി പുനർനിർമിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഗാസ ഞങ്ങൾ ഏറ്റെടുക്കും. അവിടെയുള്ള പൊട്ടിത്തെറിക്കാത്ത ബോംബുകളും ആയുധങ്ങളും നിർവീര്യമാക്കും. തകർന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. പ്രദേശത്തുള്ളവർക്ക് ജോലിയും പാർപ്പിടവും നൽകി അവിടെ സാമ്പത്തികവികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം. മറ്റ് മാർഗങ്ങളൊന്നുമില്ലാത്തതിനാലാണ് പലസ്തീൻകാർ ഗാസയിലേക്ക് മടങ്ങുന്നത്. ഗാസയിപ്പോൾ തകർന്നടിഞ്ഞ ഒരിടംമാത്രമാണ്. എല്ലാ കെട്ടിടങ്ങളും നിലംപതിച്ചു. തകർന്ന കെട്ടിടങ്ങൾക്കടിയിലാണ് അവിടെ ജനം താമസിക്കുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനകളെ നെതന്യാഹു പൂർണമായും പിന്തുണച്ചിരുന്നു.
ഗാസ നൂറ്റാണ്ടുകളായി നിരവധി സംഘർഷങ്ങൾ നടക്കുന്ന പ്രദേശമാണെന്നു ട്രംപ് പറഞ്ഞു. നിരവധി പേരാണു മരിച്ചു വീഴുന്നത്. ആകെ തകർക്കപ്പെട്ടിരിക്കുകയാണ്. ആളുകൾ അവിടെ ജീവിക്കുന്നത് സങ്കീർണമായ അവസ്ഥയിലാണ്. അവരെ മാറ്റിപ്പാർപ്പിക്കേണ്ടത് അനിവാര്യമായതിനാൽ അറബ് രാജ്യങ്ങളുമായി താൻ ചർച്ചകൾ നടത്തും. കുടിയേറ്റക്കാർക്കായി വീടുകൾ നിർമിക്കുമെന്നും ട്രംപ് കഴിഞ്ഞയിടെ വ്യക്തമാക്കിയിരുന്നു.
പലസ്തീനികളെ ഇതിനകംതന്നെ മേഖലയിൽ കൂടുതൽ സുരക്ഷിതവും മനോഹരവുമായ പ്രദേശങ്ങളിൽ പുതിയതും ആധുനികവുമായ വീടുകളോടെ പുനരധിവസിപ്പിക്കാമായിരുന്നു. അവർക്ക് സന്തോഷത്തോടെ സുരക്ഷിതവും സ്വതന്ത്രവുമായിരിക്കാൻ അവസരം ലഭിക്കും. ലോകമെമ്പാടുമുള്ള മികച്ച സംഘങ്ങളുമായി ചേർന്ന്, ഭൂമിയിലെ ഏറ്റവും വലുതും അതിശകരവുമായ വികസിത പ്രദേശമായി മാറുന്ന ഒന്നിന്റെ നിർമാണം യു.എസ്. ആരംഭിക്കും. മേഖലയിൽ സ്ഥിരത ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. പുതിയ എഐ വീഡിയോ കൂടി പുറത്ത് വന്നതോടെ ഗാസയുടെ കാര്യത്തിൽ വെറും വാക്കല്ല ട്രംപിന്റേതെന്നും ഒരുമ്പിട്ടിറങ്ങിയിരിക്കുകയാണ് അദ്ദേഹമെന്നും ലോകരാജ്യങ്ങൾക്ക് വ്യക്തമായിരിക്കുകയാണ്.












Discussion about this post