കൊച്ചി: മുസ്ലിം സമുദായത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദിയെ അറബ് രാജ്യങ്ങള്‍ വാഴ്ത്തുന്നത് ലജ്ജാകരമാണെന്ന് എ എം.ആരിഫ് എം പി. വടുതലയില്‍ ‘ബഹുസ്വര ഇന്ത്യയ്ക്ക് കാവലിരിക്കുക ‘ എന്ന പ്രമേയത്തില്‍ കേരള മുസ്ലിം യുവജന ഫെഡറേഷന് (കെഎംവൈഎഫ് )റൂബി ജൂബിലിയ്ക്ക് തുടക്കം കുറിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരിഫ്. ജയ് ശ്രീറാം വിളിക്കാത്തവരെ പാര്ലമെന്ററില് കയറ്റാത്ത അവസ്ഥ വരുമോ എന്ന് ഭയക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും ആരിഫ് പറഞ്ഞു.
മതേതരത്വത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച് സംസാരിക്കുന്നവരെ പാര്‍ലമെന്റില്‍ ഭയപ്പെടുത്തി വായടപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജനാധിപത്യ മതേതര ഇന്ത്യയെ ഹിന്ദു പരമാധികാര രാഷ്ട്രമാക്കുവാനുള്ള അതിവേഗ ശ്രമങ്ങള്‍ അണിയറയില്‍ നടക്കുകയാണെന്നും ആരിഫ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബഹുസ്വര ഇന്ത്യ കനത്ത വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഈ വേളയില്‍ രാജ്യസ്നേഹികളായ ബഹുജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും എ എം ആരിഫ് എംപി. പറഞ്ഞു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ എഫ് മുഹമ്മദ് അസ്ലം മൗലവി അധ്യക്ഷത വഹിച്ചു.അഡ്വ.എം ലിജു, ഡോ.കെ അംബുജാക്ഷന് വി എം അബ്ദുല്ലാ മൗലവി ,കടയ്ക്കല്‍ ജുനൈദ്, കെ പി മുഹമ്മദ് തൗഫീഖ് മൗലവി ,ഇലവുപാലം ഷംസുദീന്‍ മന്നാനി, ഐ മുഹമ്മദ് കുട്ടി റഷാദി, എന്‍ കെ അബ്ദുല്‍ മജീദ് മൗലവി എന്നിവര്‍ സംസാരിച്ചു.
Discussion about this post