പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തുരങ്ക പാത നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാര്‍ഡലമെന്റ് പുതുക്കി പണിയുന്നതിനൊപ്പമാണ് പ്രധാനമന്ത്രിമാരെ ഗതാഗത കുരുക്കില്‍ നിന്ന് സംരക്ഷിക്കുന്ന തുരങ്ക പാത ഒരുങ്ങുന്നത്. ഡെക്കാന്‍ ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.
അതീവ സുരക്ഷയുള്ള വ്യക്തികള്‍ക്ക് സാധാരണ തിരക്കുകളില്‍നിന്നും ട്രാഫിക് ബ്ലോക്കുകളില്‍നിന്നും മാറി സഞ്ചാരപാത ഒരുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തുരങ്ക നിര്‍മ്മാണമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാളിന് സമാനമായാണ് ഇത്തരമൊരു നിര്‍മ്മാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
സി.ഇ.പി.റ്റി യൂണിവേഴ്‌സിറ്റിയില്‍വെച്ചു നടന്ന സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ടിന്റെ അവതരണത്തിനിടയില്‍ തുരങ്ക പാത നിര്‍മ്മാണം സംബന്ധിച്ച് പദ്ധതി തലവന്‍ വിവരിച്ചു. ”പ്രധാനമന്ത്രിയുടെ വസതിയില്‍നിന്നും ഓഫീസിലേക്കും മിക്കവാറും മറ്റ് സ്ഥലങ്ങളിലേക്കും തുരങ്കം നിര്‍മ്മിക്കാന്‍ പോവുകയാണ്. അതോടെ പൊതു സ്ഥലങ്ങളും റോഡുകളും സുരക്ഷാ ആശങ്കകളില്‍നിന്നും മോചിതമാവും. അങ്ങനെയാണ് അമേരിക്കന്‍ മാള്‍ പ്രവര്‍ത്തിക്കുന്നത്, പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം നിരത്തില്‍ ഇനിയുണ്ടാവില്ല”-അദ്ദേഹം പറഞ്ഞു.
50,000 മുതല്‍ 60,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വരെ താമസിപ്പിക്കാനാവുന്ന കെട്ടിടങ്ങള്‍ ഭൂമിക്കടിയിലായും നിര്‍മ്മിക്കുന്നുണ്ട്. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന സഞ്ചാര പാതയും ഭൂമിക്കടിയില്‍തന്നെ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതി സൗത്ത് ബ്ലോക്കിലേക്കും ഉപരാഷ്ട്രപതിയുടെ വസതി നോര്‍ത്ത് ബ്ലോക്കിന് സമീപത്തേക്കും മാറ്റാനുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ട്.
Discussion about this post