ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് വേണ്ടി സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാനുള്ള രാസവസ്തുക്കള്‍ വാങ്ങിയത് ആമസോണിൽ നിന്നെന്ന് വെളിപ്പെടുത്തല്‍. ഭീകരാക്രമണക്കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത വൈസുല്‍ ഇസ്ലാം, മൊഹമ്മദ് അബ്ബാസ് റാത്തര്‍ എന്നിവരാണ് ചോദ്യം ചെയ്യലിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
പുല്‍വാമ ആക്രമണത്തിന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ആണ് ഉപയോഗിച്ചത്. ഇത് നിര്‍മിക്കുന്നതിനുള്ള രാസവസ്തുക്കളും, ബാറ്ററികളും മറ്റ് സാധനങ്ങളുമാണ് ഇ- കൊമേഴ്സ് സൈറ്റായ ആമസോണില്‍ നിന്ന് വാങ്ങിയതെന്ന് ഇവര്‍ പറയുന്നു. ഇത്തരത്തില്‍ വാങ്ങിയ സാധനങ്ങള്‍ ഭീകരര്‍ക്ക് നേരിട്ട് കൊണ്ടുപോയി കൊടുത്തത് വൈസുല്‍ ഇസ്ലാമാണെന്ന് എന്‍ഐഎ പറഞ്ഞു.
മാത്രമല്ല 2018 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ജെയ്ഷെ മുഹമ്മദ് ഭീകരനും ബോംബ് നിര്‍മാണ വിദഗ്ധനുമായ മൊഹമ്മദ് ഉമറിന് വൈസുല്‍ ഇസ്ലാം തന്റെ വീട്ടില്‍ താമസ സൗകര്യവും ഒരുക്കി നല്‍കിയെന്നും അധികൃതര്‍ പറഞ്ഞു. ഇയാളെ കൂടാതെ ചാവേറായ അദില്‍ അഹമ്മദ് ദറിനും ജെയ്ഷെ ഭീകരരായ സമീര്‍ അഹമ്മദ് ദര്, കമ്രാന്‍ എന്നിവരെ പുല്‍വാമ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്ബ് വരെ സ്വന്തം വീട്ടില്‍ ഇയാള്‍ താമസിപ്പിച്ചിരുന്നു. ഇതില്‍ ചാവേറായ ആദിലിനെ മറ്റൊരു ജെയ്ഷെ സഹായി ആയ താരിഖ് അഹമ്മദ് ഷായുടെ വീട്ടില്‍ എത്തിച്ചതും വൈസുല്‍ ഇസ്ലാമാണ്. ഇവിടെ വെച്ചാണ് ഭീകരാക്രമണത്തിന് മുന്നോടിയായുള്ള വീഡിയോ സന്ദേശം ചിത്രീകരിച്ചതെന്നും എന്‍ഐഎ പറയുന്നു.
പുല്‍വാമ ആക്രമണത്തിന് അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിന്‍, ആര്‍ഡിഎക്സ് എന്നിവയുപയോഗിച്ചാണ് ഭീകരര്‍ ബോംബ് നിര്‍മിച്ചത്.
2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഞെട്ടിച്ച, ഇന്ത്യാ- പാക് ബന്ധം വളരെ വഷളാക്കിയ ഭീകരാക്രമണം നടന്നത്. പിന്നാലെ ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബാലകോട്ടില്‍ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങളില്‍ ബോംബിട്ടിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ സൈന്യം ഒന്നൊഴിയാതെ ഏറ്റുമുട്ടലുകളില്‍ കൊലപ്പെടുത്തുകയും ചെയ്തു.
Discussion about this post