ലഖ്നൗ: ഉത്തർപ്രദേശിൽ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പുതിയ പദ്ധതിയുമായി യോഗി സര്‍ക്കാര്‍. ഇത്തരം കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധപ്പെടുത്തുന്ന ഓപ്പറേഷന് ദുരാചാരി എന്നതാണ് പുതിയ പദ്ധതി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സ്ത്രീകളെ സ്ഥിരമായി ഉപദ്രവിക്കുവരെ ലക്ഷ്യമിട്ടാണ് പദ്ധതി.
പുറത്തു വരുന്ന വിവരങ്ങള്‍ പ്രകാരം ഓപ്പറേഷന് ദുരാചാരിയില് സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം അതിക്രമങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇതുപ്രകാരം കുറ്റം തെളിഞ്ഞ ആളുകളുടെ ചിത്രവും പേരും ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. മാത്രമല്ല സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വനിതാപോലീസുദ്യോഗസ്ഥര്‍ മാത്രമാകും കൈകാര്യം ചെയ്യുക. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യങ്ങളില്‍ അതാത് സ്ഥലങ്ങളിലെ സര്‍ക്കിള്‍ ഓഫീസ് മുതല്‍ താഴെക്കുള്ള തലങ്ങളില്‍ അതാത് ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണം.
ഇതിനൊപ്പം സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കണ്ടെത്തി പിടികൂടാന്‍ രൂപീകരിച്ച ആന്റി റോമിയോ സ്ക്വാഡിന്റെ പ്രവര്‍ത്തനം സംസ്ഥാനമൊട്ടാകെ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post