മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങൾക്കാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡൽഹിയിലെ കസ്റ്റംസ്, ഇഡി തലവന്മാരും കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയിരുന്നു. ചെന്നൈയില്‍ നിന്നാണ് ഇഡി സ്പെഷ്യൽ ഡയറക്ടറും ജോയിന്റ് ഡയറക്ടറും കൊച്ചിയിൽ എത്തിയത്. ഡൽഹിയിലെ തീരുമാനം ആണ് നിര്‍ണായകമായത്.
ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച് മിനിറ്റുകൾക്കകമായിരുന്നു ഇഡി ശിവശങ്കറിനെ ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്തത്. മുൻകൂർജാമ്യ ഹർജി തള്ളിയതിന് തൊട്ട് പിറകെ വഞ്ചിയൂരിലെ ആയുർവേദാശുപത്രിയിലെത്തി ഉദ്യോഗസ്ഥർ സമൻസ് കൈമാറുകയായിരുന്നു. കസ്റ്റഡിയിയിലെടുത്ത ശിവശങ്കറുമായി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിശ്രമത്തിനായി ശിവശങ്കറിനെ ചേർത്തലയിലെ ഹോട്ടലിൽ ഇറക്കി. തൊട്ട് പിറകെ കസ്റ്റംസ് സംഘവും ഹോട്ടലിലെത്തി. 3.20 ഓടെ എം ശിവശങ്കറുമായി വാഹനം കൊച്ചിയിലെ എൻഫോസ്മെന്റ് ആസ്ഥാനത്തെത്തി. ചേർത്തല മുതൽ ഇഡി സംഘത്തെ അനുഗമിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘവും ഇഡി ഓഫീസിലേക്ക് എത്തുകയും പിന്നാലെ ഡിജിറ്റൽ തെളിവുകളടക്കം വെച്ചുള്ള ചോദ്യം ചെയ്യൽ തുടങ്ങുകയുമായിരുന്നു.
Discussion about this post