കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി സംബന്ധിച്ച് അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സിബിഐ. ലൈഫ് മിഷൻ അനുമതിയിൽ ഉന്നതർക്ക് പങ്കുണ്ടെന്നും സ്റ്റേ നിലനിൽക്കുന്നതിനാൽ അന്വേഷണത്തിന്റെ പുരോഗതിയെ ബാധിക്കുന്നുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
ലൈഫ് മിഷൻ അഴിമതി കേസിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തിന് പങ്കുണ്ട്. ഇതുവരെ അന്വേഷണത്തിൽ മഞ്ഞുമലയുടെ ഒരു അംശം മാത്രമേ പുറത്തു വന്നിട്ടുള്ളൂവെന്നും സിബിഐ അധികൃതർ വ്യക്തമാക്കി. മറ്റ് അന്വേഷണ ഏജൻസികളും ഇക്കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥർക്കും മറ്റും കൈക്കൂലിയായി നൽകാൻ ഐഫോണുകൾ സ്വപ്ന സുരേഷിന് നൽകിയതായി സന്തോഷ് ഈപ്പൻ സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ നൽകിയ ഐ ഫോണുകളിൽ ഒരെണ്ണം ശിവശങ്കറിൽ നിന്നും പിടിച്ചെടുത്തു.
സന്തോഷ് ഈപ്പന് വഴിവിട്ട സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ഇത്തരം കേസുകൾ ഭാഗികമായി പോലും നടത്താൻ പാടില്ലെന്ന് സുപ്രീം കോടതിയുടെ മുൻകാല വിധികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്.
Discussion about this post