കൊച്ചി: ലൈഫ് മിഷൻ സർക്കാർ പദ്ധതിയിൽ നടന്ന ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിന്മേലുള്ള സ്റ്റേ റദ്ദാക്കണമെന്നാണ് സിബിഐയുടെ ഹർജിയിൽ മേൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും.
കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ പദ്ധതിക്കുവേണ്ടി യുഎഇ കോൺസുലേറ്റിൽ നിന്ന് നിയമവിരുദ്ധമായി പണം സ്വീകരിച്ചുവെന്നാണ് സിബിഐ വാദിക്കുന്നത്. സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സിബിഐ ചൂണ്ടിക്കാണിക്കുന്നു.
ഇതുവരെ അന്വേഷണത്തിൽ മഞ്ഞുമലയുടെ ഒരു അംശം മാത്രമേ പുറത്തു വന്നിട്ടുള്ളൂവെന്നും സിബിഐ അധികൃതർ വ്യക്തമാക്കി. മറ്റ് അന്വേഷണ ഏജൻസികളും ഇക്കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥർക്കും മറ്റും കൈക്കൂലിയായി നൽകാൻ ഐഫോണുകൾ സ്വപ്ന സുരേഷിന് നൽകിയതായി സന്തോഷ് ഈപ്പൻ സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ നൽകിയ ഐ ഫോണുകളിൽ ഒരെണ്ണം ശിവശങ്കറിൽ നിന്നും പിടിച്ചെടുത്തു.
സന്തോഷ് ഈപ്പന് വഴിവിട്ട സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ഇത്തരം കേസുകൾ ഭാഗികമായി പോലും നടത്താൻ പാടില്ലെന്ന് സുപ്രീം കോടതിയുടെ മുൻകാല വിധികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Discussion about this post