പാലക്കാട്: തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി വനിതാ പഞ്ചായത്ത് അംഗം. പാലക്കാട് നെന്മാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം സുനിത സുകുമാരനാണു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും മര്‍ദിച്ചതായും പരാതി നല്‍കിയത്.
ശനിയാഴ്ച വൈകിട്ട് വിധവാ പെന്ഷന് സംബന്ധിച്ച ഫോമുകള്‍ നല്കാന് വീടുകളിലേക്കു പോവുന്നതിനിടെ കറുത്ത കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണു പരാതിയില്‍ പറയുന്നത്. കുടുംബം വേണോ രാഷ്ട്രീയം വേണോ എന്നു ചോദിച്ച സംഘം രാഷ്ട്രീയം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നു സുനിത പരാതിയില്‍ പറഞ്ഞു.
തനിക്ക് കുടുംബം മതിയെന്നു പറഞ്ഞതോടെ സംഭവം ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയശേഷം ഇറക്കിവിട്ട് അക്രമികള്‍ കടന്നുകളഞ്ഞതായും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ നെന്മാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ സിപിഎമ്മാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. നെന്മാറയില് യുഡിഎഫിനും എല്‍ഡിഎഫിനും ഒന്‍പത് വീതം അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫിനു ലഭിച്ചു. നിലവിലെ ഭരണസമിതിയെ രാജിവയ്പ്പിച്ചു ഭരണം പിടിക്കാനുള്ള നീക്കമാണു സിപിഎം നടത്തുന്നതെന്നാണു കോണ്‍ഗ്രസ് ആരോപണം.
Discussion about this post