കൊച്ചി: വിവിധ കേസുകളിലായി 98 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പുറത്തിറങ്ങി. ഡോളർ കടത്ത് കേസിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജാമ്യം അനുവദിച്ചതോടെയാണ് ശിവശങ്കർ പുറത്തിറങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെയാണ് ശിവശങ്കറിനെതിരെ ആരോപണങ്ങൾ ശക്തമായത്. ഇതോടെ കേന്ദ്ര അന്വേഷണ ഏജന്‍സികൾ അന്വേഷണം ശക്തമാക്കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ 2020 ഒക്ടോബര്‍ 28ന് ശിവശങ്കർ അറസ്റ്റിലായി.ഇഡിയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.
തുടർന്ന് സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറെ അറസ്റ്റ് ചെയ്തു. പിന്നീട് ഡോളർ കടത്ത് കേസിലും കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തി. കള്ളപ്പണ കേസ് ഒരു കോടി രൂപയ്ക്ക് താഴെയുള്ളതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതില്ലെന്ന നിലപാട് കസ്റ്റംസ് സ്വീകരിച്ചതോടെ ജാമ്യം കിട്ടിയ ശിവശങ്കർ പുറത്തിറങ്ങുകയായിരുന്നു.
അതേസമയം കള്ളപ്പണം, സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. ജയിൽ മോചിതനായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും ശിവശങ്കർ. എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നതടക്കമുള്ള കർശനമായ വ്യവസ്ഥകളാണ് ജാമ്യത്തിൽ ഉള്ളത്.
Discussion about this post