കല്‍പ്പറ്റ : മൂന്നാറില്‍ തോട്ടംതൊഴിലാളികള്‍ നടത്തിയ ഐതിഹാസിക സമരം വയനാടന്‍ തോട്ടങ്ങളെയും ചൂടുപിടിപ്പിച്ചതോടെ ദുരിതം മാത്രം കൂട്ടിനുള്ള തോട്ടങ്ങളില്‍നിന്നും തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി തുടങ്ങി. ന്യായമായ കൂലിയോ ബോണസോ ജീവിത സാഹചര്യങ്ങളോ ലഭിക്കാതെ വയനാടന്‍ തോട്ടങ്ങളിലും പട്ടിണി പരക്കെ വ്യാപിച്ചതിനെത്തുടര്ന്നാണിത്.
പണിയെടുക്കുന്ന തൊഴിലാളിക്ക് മാന്യമായ വേതനവും ജീവിത സാഹചര്യവും നല്‍കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ 15ന് പണിമുടക്കും. സമരത്തിനൊപ്പം സിപിഐ എം ഉണ്ടാകുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സി കെ ശശീന്രദന് പറഞ്ഞു. സമയത്തിന് ശമ്പളം നല്‍കാതെ പീഡിപ്പിക്കുന്ന മാനേജ്മെന്റിനെതിരെ തൊഴിലാളികള്‍ വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയ (സിഐടിയു)ന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി തൊഴിലാളികള്‍ പ്രതിഷേധസമരത്തിലാണ്.
ഹാരിസണ്‍, എല്‍സ്റ്റണ്‍, എംവിടി തുടങ്ങി വയനാട് ജില്ലയിലെ അഞ്ച് പ്രധാന എസ്റ്റേറ്റുകളിലെ 19 ഡിവിഷനുകളിലെ ആറായിരത്തിലധികം തൊഴിലാളികളാണ് ദുരിതത്തിലായത്. കേരളത്തിലെ വന്‍കിട തോട്ടം ഉടമകളായ ഹാരിസണ്‍ കമ്പനിയാണ് തുടക്കത്തില്‍ ശമ്പളവും മറ്റു ആനുകുല്യങ്ങളും വൈകിപ്പിക്കുന്ന രീതി സ്വീകരിച്ചതെങ്കില്‍ ഇപ്പോള്‍ മറ്റു തോട്ടം ഉടമകളും സമാനമായ രീതിയിലാണ്. ഹാരിസണിനുമാത്രം വയനാട്ടില്‍ അഞ്ച് എസ്റ്റേറ്റുകളാണുള്ളത്. ചൊവ്വാഴ്ച ചൂരല്‍മലയിലെ എസ്റ്റേറ്റ് ഫാക്ടറിയില്‍ പണിമുടക്കിയ തൊഴിലാളികള്‍ ഫാക്ടറി ഉപരോധിച്ചിരുന്നു. സെന്ററിനല്‍ റോക്ക് എസ്റ്റേറ്റിലെ ഫാക്ടറിയും ഉപരോധിച്ചു. അരപ്പറ്റയിലെ ഓഫീസ് ഉപരോധിച്ചു . അച്ചൂര്, പെരുങ്കോട, കല്ലൂര്‍, പാറക്കുന്ന് എന്നിവിടങ്ങളിലും തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്.
ഫാക്ടറികളില്‍ ഏഴാം തീയതിക്ക് മുമ്പും തോട്ടങ്ങളില്‍ 10 ാം തീയതിക്ക് മുമ്പും ശമ്പളം നല്‍കുന്നതാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ പതിവ് മുടങ്ങി. മാസത്തിന്റെ പകുതി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം നല്‍കാത്തതോടെ പാടികളില്‍ പട്ടിണിമാത്രമായി. കമ്പനികള്‍ നഷ്ടത്തിലാണെന്ന് കാണിച്ച് ബോണസ് വെട്ടിചുരുക്കാനാണ് മാനേജുമെന്റുകള്‍ പിന്നെ ശ്രമിച്ചത്. കൂടാതെ ബോണസിന് സീലിംഗ് പരിധി നിശ്ചയിച്ചും തൊഴിലാളികളെ ദ്രോഹിക്കാന്‍ സര്‍ക്കാരും മാനേജുമെന്റിനൊപ്പം കൂട്ടുനില്‍ക്കുകയാണ്. വാര്‍ഷിക വരുമാനം 42,000 രൂപയില്‍ അധികരിക്കാത്തവര്‍ക്ക് മാത്രം ബോണസ് നല്കിയാല് മതിയെന്നാണ് മാനേജ്മെന്റിന് വേണ്ടി സര്‍കാര്‍ ഉണ്ടാക്കിയ ഈ നിയമം.
ഏറെ കാലത്തെ മുറവിളിക്ക് ശേഷം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറാണ് 2011ല്‍ വേതനം പുതുക്കിയത്. അത് വരെ നല്‍കിയിരുന്ന തുച്ഛമായ 87 രൂപയില്‍നിന്ന് 232 രൂപയായാണ് കൂലി കൂട്ടിയത്. അതിന്റെ കാലാവധി 2014 ഡിസംബറില്‍ അവസാനിച്ചിരുന്നു. കൂലി പുതുക്കേണ്ട സന്ദര്‍ഭത്തിലാണ് ഉള്ള കൂലിപോലും കൊടുക്കാതെ തൊഴിലാളികളെ പട്ടിണിക്കിടുന്നത്. തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കണമെന്നത് ഉടമയുടെ ഉത്തരവാദിത്വമെന്ന് ലേബര്‍ ആക്ടില്‍ പറയുന്നുണ്ടെങ്കിലും നിയമങ്ങളൊന്നും ഇവിടെ പാലിക്കുന്നില്ല.
ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നോ ഡോക്ടര്‍മാരോ ഇല്ല. പ്രശ്നം പരിഹരിക്കാന്‍ പ്ലാന്റേഷന് ഇന്‍സ്പെക്ടറും ജില്ല ലേബര്‍ ഓഫീസറും യോഗം വിളിക്കണമെന്ന് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന് (സിഐടിയു) നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നിരാകരിക്കുകയാണ്. ഈ സഹചര്യത്തിലാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്.
Discussion about this post