ഇന്ധന വിലവര്‍ദ്ധനവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. മനഃസാക്ഷിയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ധനത്തിന് മേലുള്ള നികുതിയില്‍ നിന്നും ഒരു 10 രൂപയെങ്കിലും കുറയ്ക്കണമെന്നും പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനം തയ്യാറാണാ എന്നും ഇക്കാര്യം ‘സാമ്പത്തിക വിദഗ്ധന്‍’ ധനമന്ത്രി തോമസ് ഐസക്കിനോട് ചോദിക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
17 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്ര സര്‍ക്കാര്‍ നികുതി ഈടാക്കുന്നതെന്നും ഇതില്‍ 42 ശതമാനം സംസ്ഥാനത്തിനാണ് നല്‍കുന്നതെന്നും കെ സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ച കാര്യത്തെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ എല്ലാത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ എന്ന് അദ്ദേഹം പറഞ്ഞു. ഗ്യാസിന് സബ്സിഡിയുള്ളവരുടെ കാര്യത്തില്‍ ഒരു വര്‍ദ്ധനവും ഉണ്ടായിട്ടില്ലെന്നും വാണിജ്യാവശ്യത്തിനുള്ള ഗ്യാസിന്റെ കാര്യത്തിലാണ് വര്‍ദ്ധനവുണ്ടായതെന്നും അദ്ദേഹം പറയുന്നു. ഗ്യാസിന് വിലവര്‍ദ്ധനയുടെ കാര്യത്തിലും നികുതിയുടെ 42 ശതമാനം സംസ്ഥാനത്തിനാണ് നല്‍കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കാസര്‍ഗോഡ് വച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘സ്റ്റേറ്റിന് ഒരു ചിലവുമില്ല. പെട്രോള്‍ അടിക്കുക, കാശ് വാങ്ങിക്കുക. ഡീസല്‍ അടിക്കുക, കാശ് വാങ്ങുക. അങ്ങനെ കാശ് വാങ്ങി കാശ് വാങ്ങി മുഴുവന്‍ കൊള്ളയടിക്കുകയാണ്. നിങ്ങള്‍ അവരോടു ചോദിക്കണം. എത്രയോ സംസ്ഥാനങ്ങള്‍ കുറച്ചിട്ടുണ്ട്. ഗോവയില്‍ കുറച്ചിട്ടുണ്ട്. ഗുജറാത്തില്‍ കുറച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കുറച്ചിട്ടുണ്ട്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതലുള്ളത്. അവിടെ ഞങ്ങളില്ല.’-കെ സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post