ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാവുകയാണ്. ഓക്സിജൻ കിട്ടാതെ മരണപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നു.ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരണപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് ജയ്പൂര്‍ ഗോള്‍ഡണ്‍ ആശുപത്രിയില്‍ 20 കോവിഡ് രോഗികൾ മരിച്ചുവെന്ന വേദനാജനകമായ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചികില്‍സാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം രോഗികള്‍ മരണത്തിന് കീഴടങ്ങുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഓക്സിജന്‍ ലഭിക്കാത്തതുതന്നെയാണ് രോഗികളുടെ മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്
മാത്രമല്ല, ഓക്സിജന്‍ ആവശ്യമുള്ള 215 രോഗികള്‍ ഗുരുതരമായി ചികില്‍സയിലുണ്ടെന്നും പരമാവധി 45 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്സിജന്‍ മാത്രമാണ് സ്റ്റോക്കുള്ളതെന്നും ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ദേശീയ തലസ്ഥാനത്തെ ആശുപത്രികളിലെ സ്ഥിതി കൂടുതല്‍ വഷളായതായി ആശുപത്രിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. “ഞങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്ന് 3.5 മെട്രിക് ടണ്‍ ഓക്സിജന്‍ അനുവദിച്ചിരുന്നു. വൈകുന്നേരം 5 മണിയോടെ എത്തിച്ചേരേണ്ടതായിരുന്നു. പക്ഷേ അത് അര്‍ധരാത്രിയോടെയാണ് എത്തിയത്. അപ്പോഴേക്കും 20 രോഗികള്‍ മരിച്ചു”. ജയ്പൂര്‍ ഗോള്‍ഡന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡി കെ ബലൂജ എന്‍ഡി ടിവിയോട് പറഞ്ഞു.
ഡല്‍ഹിയിലെ പല ആശുപത്രികളിലും സമാനസ്ഥിതിയാണെന്നാണ് റിപോര്‍ട്ടുകള്‍. ആശുപത്രികള്‍ രോഗികളെ നിര്‍ബന്ധിതമായി ഡിസ്ചാര്‍ജ് ചെയ്യിക്കുകയും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.
Discussion about this post