വടകര: വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍എംപിയുടെ നേട്ടം പിണറായി വിജയനെ അലോസരപ്പെടുത്തുമെന്ന് കെ.കെ.രമ പറഞ്ഞു. ”ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായി വിജയന് കാണം. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശബ്ദം ഉയർത്തും” രമ കൂട്ടിച്ചേര്‍ത്തു. ടി.പി.ചന്ദ്രശേഖരന്റെ ഒന്‍പതാം രക്തസാക്ഷി ദിനത്തില്‍ പ്രതികരിക്കുകയായിരുന്നു കെ കെ രമ.
”വടകരയിലെ ജനവിധി അക്രമ രാഷ്ട്രീയത്തിനെതിരെ ഉള്ളതാണ്. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. കൊന്ന് തള്ളുന്നവര്‍ക്കെതിരായ പോരാട്ടം തുടരും. ഈ വിജയം ടിപിക്ക് സമർപ്പിക്കാനുള്ളതാണ്” രമ പറഞ്ഞു.
ടി.പി.ചന്ദ്രശേഖരന് വധത്തില്‍ സിപിഎമ്മിനെതിരെയും രമ തുറന്നടിച്ചു. ഒരു ആശയത്തെയാണ് സിപിഎം ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നായിരുന്നു രമയുടെ വാക്കുകള്‍. ജയത്തോടെ ആര്‍എംപിയുടെ രാഷ്ട്രീയത്തിന് കൂടുതല്‍ പ്രസക്തി ഉണ്ടായെന്നും വടകരയിലെ നിയുക്ത എംഎല്‍എ പറഞ്ഞു.
ഇത്തവണ യുഡിഎഫ് പിന്തുണയോടെയാണ് രമ മത്സരിച്ചത്. 7,491 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആര്‍എംപി സ്ഥാനാര്‍ഥിയായ അവർ വടകരയില്‍ വിജയിച്ചത്. 65,093 വോട്ടുകളാണ് രമക്ക് ലഭിച്ചത്. രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന് 57,602 വോട്ടുകള്‍ നേടി. മണ്ഡലത്തില്‍ ബിജെപിയുടെ എം രാജേഷ് കുമാറിന് 10,225 വോട്ടുകളാണ് കിട്ടിയത്.
Discussion about this post