ഡൽഹി : ‘ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പ്രകാരം എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ ആരോഗ്യ ഐഡി സംവിധാനം ലഭ്യമാകും. രാജ്യത്തെ ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങളെയെല്ലാം ബന്ധിപ്പിക്കാൻ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ സഹായിക്കും. ഇനി മുതൽ ഇന്ത്യക്കാർക്ക് ഒറ്റ ക്ലിക്കിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകും.
ഡിജിറ്റൽ ആരോഗ്യ സംവിധാനത്തിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പ്രധാന പങ്കു വഹിക്കും. പദ്ധതി പ്രകാരം എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ ആരോഗ്യ ഐഡി ലഭ്യമാകും. എല്ലാ പൗരന്മാരുടെയും ആരോഗ്യം സംബന്ധിച്ച രേഖകൾ സുരക്ഷിതമായിരിക്കും. ഡിജിറ്റലൈസേഷൻ ആരോഗ്യ മേഖലയെ കൂടുതൽ എളുപ്പമുള്ളതാക്കും.
മൊബൈൽ ആപ് വഴി ആളുകൾക്ക് അവരുടെ ആരോഗ്യ വിവരങ്ങൾ അറിയാൻ സാധിക്കും. ഇത്തരം വിവരങ്ങൾ പരിശോധിക്കാനോ കൈമാറ്റം ചെയ്യാനോ ആളുകളുടെ അനുമതിയും ആവശ്യമായിവരും. മധ്യവർഗത്തിന്റെയും പാവപ്പട്ടവരുടെയും ചികിത്സയിലെ പ്രശ്നങ്ങളില്ലാതാക്കാൻ പദ്ധതി പ്രധാന പങ്കുവഹിക്കും. രാജ്യത്തെ ആരോഗ്യ മേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ അതു കൊണ്ടുവരും.
130 കോടി ആധാര്‍ തിരിച്ചറിയൽ രേഖകൾ, 118 കോടി മൊബൈൽ ഉപയോക്താക്കള്‍, ഇന്റർനെറ്റ് ഉപയോഗിക്കുന്ന 80 കോടി പേർ, 43 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ– ഇത്രയേറെ ബന്ധിപ്പിക്കപ്പെട്ട സംവിധാനം ലോകത്ത് മറ്റൊന്നുണ്ടാകില്ല. രോഗം ഭേദപ്പെടുത്തുക മാത്രമല്ല രോഗം വരാതെ തടയുക കൂടി ചെയ്യുന്ന സംവിധാനത്തിലാണ് ഇന്ത്യ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post