ആലപ്പുഴ: യു.ഡി.എഫിനൊപ്പം നില്ക്കുന്ന ജെ.എസ്.എസിന്റെ പ്രസിഡന്റ് രാജന്‍ബാബു വെള്ളാപ്പള്ളി നടേശന് രൂപീകരിക്കാന്‍ ഒരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടിയോട് സഹകരിക്കുന്നതില്‍ കോണ്‍ഗ്രസിന് പ്രതിഷേധം. എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ രൂപീകരിക്കാനരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണഘടന ഉണ്ടാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് രാജന്‍ബാബുവാണ്. ആലപ്പുഴയില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് രാജന്‍ബാബുവിന്റെ എസ്.എന്‍.ഡി.പി സഹകരണം ചര്‍ച്ചയായത്. കോണ്‍ഗ്രസും മുസ്ലിം ലീഗുമാണ് വിമര്‍ശനം ഉന്നയിച്ചത്. യു.ഡി.എഫ് സംവിധാനത്തിനു പുറത്താണെങ്കിലും കമ്മറ്റികളും മറ്റും ജെ.എസ്.എസ് രാജന്‍ബാബു വിഭാഗത്തെ പങ്കെടുപ്പിക്കാറുണ്ട്. യു.ഡി.എഫിന്റെ പ്രകടനപത്രിക തയാറാക്കുന്ന കമ്മറ്റിയിലും അംഗമാണ് ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ രാജന് ബാബു. ജില്ലയില്‍ ജെ.എസ്.എസ് രാജന്‍ബാബു വിഭാഗത്തില്‍ തെരഞ്ഞെടുപ്പില്‍ ചില സീറ്റുകള്‍ നല്കാന് കോണ്‍ഗ്രസ് ധാരണയായിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുമായി രാജന്‍ബാബു സഹകരണം തുടര്‍ന്നാല്‍ ഇതു നല്‍കരുതെന്ന അഭിപ്രായം ചില അംഗങ്ങള്‍ പ്രകടിപ്പിച്ചു. അതേസമയം എസ്.എന്‍.ഡി.പി യോഗത്തിന്റെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ ഉള്ള കടമകള്‍ മാത്രമാണു രാജന്‍ബാബു ചെയ്യുന്നതെന്ന് ജെ.എസ്.എസ് നേതാക്കള്‍ പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജന്‍ബാബു എസ.്എന്‍.ഡി.പിയുടെ നിയമോപദേഷ്ടാവാണ്.
Discussion about this post