പാലക്കാട് : ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തിനുപയോഗിച്ച കാര്‍ കണ്ടെത്തി. തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് പൊളിച്ച നിലയില്‍ കാറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. കൊലപാതകികള്‍ സഞ്ചരിച്ച വെളുത്ത മാരുതി കാറിന്റെ ഭാഗങ്ങളാണ് കണ്ടെടുത്തത്.
കാര്‍ തമിഴ്നാട്ടിലേക്ക് കടത്തിയെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊള്ളാച്ചിയില്‍ ഒരു കാര്‍ പൊളിക്കുന്ന സ്ഥലത്തുനിന്നും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പാണ് കാര്‍ പൊള്ളാച്ചിയിലെത്തിച്ചത്. കൊല്ലങ്കോട്- മുതലമട വഴിയാണ് പൊള്ളാച്ചിയിലെത്തിച്ചത്. വാഹനത്തിന്റെ നമ്പര്‍ വ്യാജമാണ്. കൊല്ലങ്കോടിനടുത്താണ് നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.
അതേസമയം ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാളെ കൂടി ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ രണ്ടാമത്തെ പ്രതിയുടെ വിവരങ്ങളും ഇപ്പോള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ആര്‍എസ്എസ് തേനാരി മണ്ഡല് ബൗദ്ധിക് പ്രമുഖ് ആയ സഞ്ജിത്തിനെ കഴിഞ്ഞ 15നു രാവിലെ ഒന്‍പതിനാണു കിണാശ്ശേരി മമ്പറത്തിനു സമീപം കാറിലെത്തിയ 5 അംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുന്നതിനിടെയായിരുന്നു ആക്രമണം. പിന്നാലെ കാറിലെത്തിയ കൊലയാളി സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച് സഞ്ജിത്തിനെ വെട്ടിവീഴ്ത്തുകയായിരുന്നു.
Discussion about this post