പാലക്കാട്: പാലക്കാട് ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുമായി കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ആദ്യം അറസ്റ്റിലായ പ്രതിയെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയതിനൊപ്പം ബുധനാഴ്ച റിമാന്‍ഡിലായ പ്രതിക്കായി അന്വേഷണസംഘം നല്കിയ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്.
കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി ഡിവൈ.എസ്.പി പി.സി. ഹരിദാസ്, സി.ഐ ടി. ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ കുഴല്‍മന്ദം, ആലത്തൂര്‍, നെന്മാറ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തി. കൊലയാളി സംഘം ഉപയോഗിച്ച കാര്‍ നിര്‍ത്തിയിട്ട സ്ഥലം, പ്രതിയുടെ ആലത്തൂരിലെ സ്ഥാപനം എന്നിവിടങ്ങളില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചു. ചോദ്യംചെയ്യല്‍ തുടരുകയാണെന്ന് അന്വേഷണസംഘം പറഞ്ഞു.
ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. കൊലപാതകമുണ്ടായ ദിവസം വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ എത്തിയവര്‍, വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചു നല്കിയ കൊല്ലങ്കോട്ടുകാരന്‍, അക്രമിസംഘത്തിന്റെ വാഹനം പൊള്ളാച്ചിയിലെത്തിക്കാന് സഹായിച്ചവര്‍, ഒളിച്ചുകഴിയാനും നാടുവിടാനും കൂട്ടുനിന്നവര്‍, സാമ്പത്തിക സഹായം നല്കിയവര് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു.
കൊലപാതകത്തിന്റെ പിറ്റേന്ന് പൊള്ളാച്ചി കുമാരപാളയം തിരിവിലെ വര്‍ക്ക്ഷോപ്പില്‍ പ്രതികള്‍ 15,000 രൂപക്ക് കാര്‍ വിറ്റതായി കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു. പൊള്ളാച്ചിയില്‍ കണ്ടെത്തിയ കാറിന്റെ ഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കൊലപാതകം ലക്ഷ്യമിട്ടാണ് പഴയ മോഡല്‍ കാര്‍ അക്രമികള്‍ വാങ്ങിയതെന്നാണ് മൊഴി. ജില്ലയില്‍തന്നെയുള്ള കാര്‍ കച്ചവടക്കാരനില്‍ നിന്നാണ് വാഹനം ലഭ്യമാക്കിയത്. ഇയാളും അറസ്റ്റിലായവരുടെ സംഘടനയില്‍പ്പെട്ട പ്രവര്‍ത്തകനാണ്. അറസ്റ്റിലായ രണ്ടാമനെകൂടി കസ്റ്റഡിയില്‍ കിട്ടിയശേഷം സഞ്ജിത്തിന്റെ ഭാര്യയെ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
Discussion about this post