ഡല്‍ഹി: ആര്‍ ടി പി സി ആര്‍ ടെസ്റ്റിലൂടെ പോലും കണ്ടെത്താന്‍ സാധിക്കാത്ത ഒമിക്രോണിന്റെ പുതിയ ഉപവകഭേദത്തെ നാല്‍പ്പതില്‍പരം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി യു കെ. യൂറോപ്പിലുടനീളം കൂടുതല്‍ ശക്തമായ തരംഗത്തിന് കാരണമായേക്കാവുന്ന ബി എ.2 ഉപവകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്.
ഒമിക്രോണ്‍ വകഭേദത്തിന് മൂന്ന് ഉപവകഭേദങ്ങളുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നത്. ബി എ.1, ബി എ.2, ബി എ.3. ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ കേസുകളില്‍ ബി എ.1 ഉപവകഭേദമാണ് ഏറ്റവും പ്രബലം.
അതേസമയം, ബി എ.2വും അതിവേഗം വ്യാപിക്കുകയാണ്. എന്നാല്‍ ഡെന്‍മാര്‍ക്കില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളില്‍ അന്‍പത് ശതമാനവും ബി എ.2 ഉപവകഭേദമാണെന്നാണ് സ്ഥിരീകരണം. യു കെയിലെ ആരോഗ്യ വിദഗ്ദ്ധര്‍ ബി എ.2വിനെ ‘പരിശോധനയില്‍ ആയിരിക്കുന്ന വകഭേദമെന്നാണ്’ വിശേഷിപ്പിച്ചിരിക്കുന്നത്. ‘ആശങ്കപ്പെടേണ്ട വകഭേദമായി’ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. യു കെയ്ക്കും ഡെന്‍മാര്‍ക്കിനും പുറമേ ഇന്ത്യ, സ്വീഡന്‍, നോര്‍വെ എന്നിവിടങ്ങളിലും ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്.
ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.1-ല്‍ പരിവര്‍ത്തനം സംഭവിക്കാറുണ്ട്. എസ് ജീന്‍ അഥവാ സ്പൈക്ക് ജീന്‍ ഒമിക്രോണ്‍ ബാധിതരില്‍ നഷ്ടപ്പെടുന്നു. ഇത് പ്രകാരമാണ് ആര്‍ ടി പി സി ആര്‍ ടെസ്റ്റിലൂടെ എളുപ്പത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ബി എ.2വില്‍ ഈ പരിവര്‍ത്തനം സംഭവിക്കാത്തത് ഇതിനെ കണ്ടെത്തുന്നത് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇക്കാരണങ്ങളാല്‍ ഇവയെ രഹസ്യ ഒമിക്രോണ്‍ (സ്റ്റീല്‍ത്ത് ഒമിക്രോണ്‍) അല്ലെങ്കില്‍ ഒളിഞ്ഞിരിക്കുന്ന ഒമിക്രോണ്‍ എന്നാണ് വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലും ഫിലിപ്പീന്‍സിലും ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒമിക്രോണ്‍ ഉപവകഭേദവും ബി എ.2 ആണ്.
Discussion about this post