ഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭയുടെ മുഖ്യകവാടത്തില്‍ നിരോധിത തീവ്രവാദ സംഘടനയായ ഖലിസ്ഥാന്റെ പതാകയും ചുവരെഴുത്തും. ഹിമാചല്‍ പ്രദേശില്‍ ശൈത്യകാലത്തു നിയമസഭ സമ്മേളിക്കുന്ന ധരംശാലയിലെ കെട്ടിടത്തിന്റെ പ്രധാനകവാടത്തിലാണ് പതാകകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെയാണ് നിയമസഭാ കവാടത്തില്‍ ഖാലിസ്ഥാന്‍ പതാകകള്‍ ശ്രദ്ധയില്‍പ്പെടുന്നത്. വിവരം കിട്ടിയതിനെ തുടര്‍ന്നു ഭരണകൂടം കൊടി അഴിച്ചുമാറ്റുകയും മതിലിലെ മുദ്രാവാക്യങ്ങള്‍ മായ്ച്ചുകളയുകയും ചെയ്തു. ഖലിസ്ഥാന്‍ സിന്ദാബാദ് എന്നാണ് എഴുതിയിരുന്നത്. സംഭവത്തില്‍ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ (എസ്എഫ്ജെ) നേതാവ് ഗുരുപത്വന്ത് സിംഗ് പന്നുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സിക്ക് മത സംഘടനയായ ദാംദാമി തക്സലിന്റെ നേതാവ് ഭിന്ദ്രന്‍വാലയുടെയും ഖാലിസ്ഥാന്റെയും പതാക ഉയര്‍ത്തുമെന്ന് കാട്ടി ഗുരുപത്വന്ത് സിംഗ് മുഖ്യമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. സംസ്ഥാനത്ത് ഭിന്ദ്രന്‍വാലയുടെയും ഖാലിസ്ഥാന്റെയും പതാകകള്‍ നിരോധിച്ചത് സംഘടനയെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മാര്‍ച്ച് 29ന് പതാക ഉയര്‍ത്തുമെന്ന് വെല്ലുവിളിച്ചത്.
Discussion about this post