കോൺഗ്രസിലെക്കില്ലെന്ന് ഉറപ്പിച്ച് തെരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ. ഒരിക്കലും പാർട്ടിയുമായി യോജിച്ചു പ്രവർത്തിക്കില്ല. തിരഞ്ഞെടുപ്പു വിജയത്തിലെ തന്റെ ട്രാക്ക് റെക്കോഡ് കോൺഗ്രസ് തകർത്തെന്നും അതിനാലാണ് ഇനി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കാത്തതിന് കാരണമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. പത്ത് തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിച്ചിട്ടുണ്ട്, എന്നാൽ ഒരിടത്ത് മാത്രം പരാജയപ്പെട്ടു. അത് 2017ൽ ഉത്തർപ്രദേശിൽ കോൺഗ്രസിനെ സഹായിച്ചപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ മുൻ കേന്ദ്ര മന്ത്രിയും ആർ.ജെ.ഡി. നേതാവുമായ രഘുവംശ് പ്രസാദ് സിങിന്റെ അനുസ്മരണത്തിനിടെയാണ് പ്രശാന്ത് കിഷോർ തന്റെ നിലപാട് വ്യക്തമാക്കിയത്.
2011 മുതൽ 2021 വരെ 11 തിരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പതിനൊന്നു വർഷത്തിനിടെ ഒരിടത്ത് മാത്രമാണ് തോറ്റത്. അത് 2017ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലാണ്. അന്ന് കോൺഗ്രസിന് വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചത്, പക്ഷെ വിജയിക്കാനായില്ല. കോൺഗ്രസുമായി ഒന്നിച്ചു പോവില്ലെന്ന് പ്രഖ്യാപിക്കാൻ കാരണം ഇതാണ് എന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. രാജസ്ഥാനിലെ ഉദയ്പൂരിൽ നടത്തിയ കോൺഗ്രസിന്റെ ചിന്തൻ ശിവിർ പരാജയമായിരുന്നു. നടക്കാനിരിക്കുന്ന ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലേയും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
കോൺഗ്രസിനുളളിൽ തന്നെ യോജിപ്പില്ല. നിലവിലെ പാർട്ടി മേധാവികൾ അവർക്കൊപ്പം മറ്റുള്ളവരെയും താഴ്ചയിലേക്ക് കൊണ്ടുപോകും. ഞാൻ കോൺഗ്രസിലേക്ക് എത്തിയാൽ തനിക്കും താഴ്ചയുണ്ടാകുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
കോൺഗ്രസുമായി സഹകരിക്കുന്നതിനായി നടത്തിയ പ്രശാന്ത് കിഷോറിന്റെ ചർച്ചകൾ രണ്ടു തവണയാണ് പരാജയപ്പെട്ടത്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പരാജയപ്പെടുകയായിരുന്നു.
Discussion about this post