ശബരിമല: ഭക്തലക്ഷങ്ങളെ സാക്ഷിയാക്കി തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പവിഗ്രഹത്തെ ഒരു നോക്കു കാണാന്‍ ഇനി ഒരു ദിനം ബാക്കി. തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തുന്നതോടെ നാളെ നടക്കുന്ന മണ്ഡലപൂജയ്ക്കായി കാത്തിരിക്കുകയാണ് ഭക്തര്‍. നാളെ ഉച്ചയ്ക്ക് 12.30 നും ഒരു മണിക്കും ഇടയിലാണ് മണ്ഡലപൂജ.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് ശബരിമലയില്‍ എത്തുക. പെരുനാട് നിന്ന് ഇന്ന് രാവിലെ തങ്ക അങ്കി വഹിച്ച രഥം ശബരിമലയിലേക്ക് പുറപ്പെട്ടിരുന്നു. വൈകിട്ട് തങ്ക അങ്കി സന്നിധാനത്ത് എത്തുന്നതോടെ ശബരിമല കൂടുതല്‍ ഭക്തിസാന്ദ്രമാകും. വൈകിട്ട് 5.30ന് ശരംകുത്തിയില്‍ വെച്ച് തങ്ക അങ്കിയെ ആചാരപൂര്‍വം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരും.
ലക്ഷക്കണക്കിന് ഭക്തര്‍ വ്രതം നോറ്റ് മല ചവിട്ടി അയ്യനെ ഒരു നോക്കു കണ്ട് നിര്‍വൃതിയടയാന്‍ കാത്തിരിക്കുകയാണ്. 6.35നാണ് തങ്ക അങ്കി ചാര്‍ത്തിയ ദീപാരാധന നടക്കുക. തിരുവിതാംകൂര്‍ രാജകുടുംബം അയ്യപ്പന് സമര്‍പ്പിച്ച തങ്ക അങ്കി വര്‍ഷത്തില്‍ ഒരിക്കല്‍ മണ്ഡലപൂജയ്ക്കു മാത്രമാണ് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നത്. മണ്ഡലപൂജയോടുകൂടി ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തിന് സമാപനമാകും.
Discussion about this post