കൊച്ചി: ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറത്തിന്റെ വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആസ്വാദകർ.ഡിസംബർ 30 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അയ്യപ്പനെ കാണണമെന്ന അടങ്ങാത്ത ആഗ്രഹവുമായി ശബരിമലയ്ക്ക് പോകുന്ന രണ്ട് കുട്ടികളുടെ കഥയാണ് കുടുംബകഥയുടെ ചേരുവകൾ കൂടി ചേർത്ത് തിരക്കഥാകൃത്ത് അഭിലാഷ് പിളളയും സംവിധായകൻ വിഷ്ണു ശശി ശങ്കറും അണിയിച്ചൊരുക്കിയിരിക്കുന്നത്.
റിലീസിന് മുൻപായി ചിത്രത്തിന്റെ കൂടുതൽ പോസ്റ്ററുകൾ ഉണ്ണി മുകുന്ദൻ ഉൾപ്പെടെ അണിയറ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ ഓരോ ദിവസവും പങ്കുവെയ്ക്കുന്നുണ്ട്. ഇതിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ കല്ലു ഇരുമുടിക്കെട്ടുമായി നിൽക്കുന്ന പോസ്റ്റർ ഉണ്ണി മുകുന്ദന്റെ ആരാധകർ ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ്.
ദേവനന്ദ എന്ന കുട്ടിയാണ് കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളിലൂടെയും പുറത്തുവിട്ട ആദ്യഗാനത്തിലൂടെയും ദേവനന്ദ നേരത്തെ തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.
റിലീസ് തീയതി കുറിച്ച പോസ്റ്ററിനൊപ്പം മീറ്റ് കല്ലു എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രം പങ്കുവെച്ചത്. ദേവനന്ദയ്ക്കൊപ്പം ശ്രീപദ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്ന മറ്റാെരു ബാലതാരം. ഇരുവരുടെയും അഭിനയത്തെ ചിത്രത്തിന്റെ പ്രമോഷൻ ഇവന്റുകളിൽ ഉണ്ണി മുകുന്ദൻ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ചിത്രത്തിലെ നങ്ങേലിപൂവേ എന്ന് തുടങ്ങുന്ന ഗാനവും പേട്ടതുളളലിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഗാനവും ഹരിവരാസനവും ഒക്കെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പേട്ടതുളളലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനത്തിലും നങ്ങേലിപൂവേ എന്ന ഗാനത്തിലും നിറഞ്ഞുനിൽക്കുന്നതും കല്ലുവാണ്.
Leave a Comment