കൊല്‍ക്കത്ത : വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ വേദിയിൽ കയറാതെ പ്രതിഷേധിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ബിജെപി പ്രവർത്തകർ ജയ് ശ്രീറാം മുഴക്കിയതിനെ തുടർന്ന് ക്ഷുഭിതയായ മമത വേദിയിൽ കയറാൻ കൂട്ടാക്കാതെ സദസിൽ ഇരിക്കുകയായിരുന്നു .
ഹൗറ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിനിടെയായിരുന്നു മമത ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചത്. കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്‌ണവും ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസും മമതയെ അനുനയിപ്പിച്ച് വേദിയിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. മുൻപും ജയശ്രീറാം കേട്ട് മമത പ്രകോപിതയായിട്ടുണ്ട് .
തുടർന്ന് ബിജെപി പ്രവർത്തകർ ജയ് ശ്രീറാം എഴുതിയ കാർഡുകൾ മമതയ്ക്ക് അയച്ച് പ്രതിഷേധമറിയിച്ചിരുന്നു. ബഹുമാനത്തോടെയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന് മെട്രോ റെയിൽ യാത്രയ്ക്ക് ശേഷം റെയിൽവേ മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവരെ വിഷമിപ്പിക്കുന്നതൊന്നും ഉണ്ടായിരുന്നില്ല. ജനങ്ങൾ ജയ്ശ്രീറാം മുഴക്കുന്നത് വിലക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
ഹൗറയെ ന്യൂ ജൽപായ്ഗുഡിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെ പശ്ചിമ ബംഗാളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിച്ചത്. അമ്മയുടെ നിര്യാണത്തെ തുടർന്ന് അഹമ്മദാബാദിലേക്ക് പോയതിനാല്‍ വെർച്വലായിട്ടാണ് പ്രധാനമന്ത്രി പരിപാടികളിൽ പങ്കെടുത്തത്. ഇന്ന് രാവിലെ കൊല്‍ക്കത്തയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അമ്മ ഹീരാ ബെന്നിന്റെ വിയോഗ വാർത്തയെത്തുന്നത്.
ഇതേ തുടർന്ന് പ്രധാനമന്ത്രി കൊല്‍ക്കത്ത യാത്ര ഒഴിവാക്കി അഹമ്മദാബാദിലേക്ക് തിരിക്കുകയായിരുന്നു. അഹമ്മദാബാദില്‍ വെച്ചാണ് പ്രധാനമന്ത്രി പിന്നീട് ബംഗാളിലെ പദ്ധതികള്‍ ഓണ്‍ലൈനായി നിർവ്വഹിച്ചത്. വെർച്വൽ പ്രോഗ്രാമിൽ പ്രധാനമന്ത്രി മോദി തന്റെ അമ്മയുടെ മരണത്തെക്കുറിച്ച് പരാമർശിച്ചില്ല. ‘എന്റെ വ്യക്തിപരമായ കാരണങ്ങളാൽ നിങ്ങളുടെ ഇടയിൽ വരാൻ കഴിയാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു’ എന്ന് പറഞ്ഞു .
7,800 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് ഇന്ന് ബംഗാളിൽ പ്രധാനമന്ത്രി തുടക്കം കുറിച്ചു. ജോക്ക, താക്കൂർപുക്കൂർ, സഖേർ ബസാർ, ബെഹാല ചൗരസ്ത, ബെഹാല ബസാർ, താരാതല എന്നിങ്ങനെ 6 സ്റ്റേഷനുകളുള്ള 6.5 കിലോമീറ്റർ ഭാഗം 2475 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്










