കേരളത്തിൽ അണലികൾ വർധിക്കുന്നു, വിഷം ബാധിക്കുന്നത് രക്ത ചംക്രമണ വ്യവസ്ഥയെ

ഇന്ത്യയിൽ 2 ഇനം അണലികളേയുള്ളു അവ ചേനത്തണ്ടൻ,ചുരുട്ടമണ്ഡലി എന്നിവയാണ്.

Published by
Brave India Desk

വിഷപാമ്പുകളുടെ കൂട്ടത്തിൽ ഏറ്റവും വീര്യമേറിയ വിഷമുള്ള പാമ്പാണ് അണലി.വൈപ്പറിഡേ കുടുംബത്തിൽ ഉള്ള വൈപ്പറിനേ ( Viperinae ) എന്ന ഉപകുടുംബത്തിലെ അംഗങ്ങളെയാണ് സാധാരണ അണലികൾ എന്ന് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ പാമ്പു കടിയേറ്റുള്ള മരണങ്ങളില്‍ 80 ശതമാനവും സംഭവിക്കുന്നത് അണലിയുടെ കടിയേറ്റാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് അണലിയുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. പ്രകോപനം കൂടാതെ തന്നെ ഇവ ആക്രമിക്കുന്നു എന്നതും ഇവയുടെ വലുപ്പത്തിൽ വന്നിട്ടുള്ള വർധനവും ഏറെ ശ്രദ്ധയാകർഷിക്കുന്ന ഘടകങ്ങളാണ്.

ത്രികോണാകൃതിയിലുള്ള തല 360 ഡിഗ്രിയിൽ ഏത് ദിശയിലേക്കും തിരിച്ചു കടിക്കാൻ ഇവയ്ക്ക് കഴിയും എന്നതാണ് മറ്റൊരു കാര്യം. അതിനാൽ തന്നെ ഏറെ ശ്രദ്ധയോടെ സമീപിച്ചില്ലെങ്കിൽ കടി ഉറപ്പാണ്. രക്ത ചംക്രമണ വ്യവസ്ഥയെയാണ് അണലി വിഷം ബാധിക്കുക.അണലിയുടെ കടിയേറ്റാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനവും തടസപ്പെടും. ചുരുക്കത്തിൽ ജീവൻ തിരിച്ചു കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.

സോ സ്കേൽഡ് വൈപ്പർ , മലബാർ പിറ്റ് വൈപ്പർ , റസൽസ് വൈപ്പർ , ഹംപ്ഡ് നോസ് പിറ്റ് വൈപ്പർ എന്നീ ഇനങ്ങൾ ഇന്ത്യയിൽ സാധാരണയായി കാണുന്നു. ബോട്രോപ്‌സ് ആസ്പർ,പഫ് ആഡെർ എന്നിവ വിദേശരാജ്യങ്ങളിൽ കാണുന്ന വീര്യം കൂടിയ ഇനങ്ങളാണ്. ചില പ്രദേശങ്ങളിൽ ഇവ വട്ടക്കൂറ എന്ന പേരിലും അറിയപ്പെടുന്നു. സാധാരണയായി ഏകദേശം 20 കുട്ടികൾക്കാണ് ഇവ ജൻമം നൽകാറുള്ളത്. ഇവ ചെറുപ്പകാലം മുതലേ വളരെയേറെ സ്വയംപര്യാപ്തരായിരിക്കും. മാത്രമല്ല, ചെറിയ കുഞ്ഞുങ്ങളിലെ വിഷം പോലും അപകടകരമാണ്.

പാമ്പു കടിയേറ്റവര്‍ ഒരിക്കലും ഭയന്ന് ഓടരുത്. ബിപി കൂടുന്നവിധത്തിൽ പേടിക്കുകയും അരുത് . വിഷം പെട്ടെന്ന് ശരീരത്തില്‍ വ്യാപിക്കാന്‍ ഇത് കാരണമാകും. പാമ്പു കടിയേറ്റാല്‍ പരിഭ്രമിക്കുന്നത് കൊണ്ട് കൂടുതൽ അപകടമാണ് ഉണ്ടാകുന്നത്. പാമ്പു കടിയേറ്റ ഭാഗത്തിന് മുകളില്‍ തുണിയോ തോര്‍ത്തോ മുറിച്ച് കെട്ടണം. കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കി കളയുകയോ കീറി എടുക്കുകയോ ചെയ്യരുത്. പാമ്പു കടിയേറ്റ രോഗിയെ ഒരിക്കലും കിടത്തരുത്. രോഗിയെ എത്രയും വേഗം ASV (ആന്റി സ്‌നേക്ക് വെനം) ഉള്ള ആശുപത്രിയിലെത്തിക്കണം.

Share
Leave a Comment

Recent News