തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. പത്ത് ദിവസത്തിനിടെ 1075 ഡെങ്കികേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 പേർ മരിച്ചു.
കഴിഞ്ഞ മാസം സംസ്ഥാനത്താകെ സ്ഥിരീകരിച്ച ഡെങ്കികേസുകളുടെ എണ്ണം 1150 എങ്കിൽ, ഈ മാസം ഇതുവരെ 2013 പേർക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്.അതിൽ പകുതിയും കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് റിപ്പോർട്ട് ചെയ്ത്.
കഴിഞ്ഞ മാസത്തേക്കാൾ മൂന്നരയിട്ടി എച്ച്1എൻ1 കേസുകളാണ് ഈ മാസം ഇതുവരെ റിപ്പോർട്ട് ചെയ്തത്. എലിപ്പനി പിടിപ്പെട്ടവരുടെ എണ്ണവും ഇരട്ടിയായി. എറണാകുളത്താണ് കൂടുതൽ ഡെങ്കികേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലും കേസ് ഉയരുന്നുണ്ട്
രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ലാൻ നാളെ തുടങ്ങും.












