പാലക്കാട്: ചെർപ്പുളശ്ശേരിയിൽ രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉത്പ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാർക്കാട് കാരാകുർശ്ശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരെയാണ് ചെർപ്പുള്ളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 800നടുത്ത് ചാക്കുകളിലായി അഞ്ചര ലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പ്പന്നങ്ങളാണ് ചരക്കു ലോറിയിൽ നിന്ന് പിടിച്ചെടുത്തത്. പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്പി ആർ.മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കർണ്ണാടക രജിസ്ട്രേഷനിലുള്ള ലോറിയാണ് പിടിച്ചെടുത്തിരിക്കുന്നത്. ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉത്പ്പന്നങ്ങളാണ് ലോറിയിൽ ഉണ്ടായിരുന്നത്. 781 ചാക്കുകളിലായിട്ടാണ് 5.7 ലക്ഷത്തോളം പാക്കറ്റ് പുകയില കൊണ്ടുവന്നത്. ഇതിന് വിപണയിൽ ഏകദേശം രണ്ടര കോടിയോളം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. മൈദ ചാക്കുകൾക്കൊപ്പമാണ് പുകയില ചാക്കുകളും സൂക്ഷിച്ചിരുന്നത്.
മുഹമ്മദ് ഹാരിസാണ് ലോറി ഓടിച്ചിരുന്നത്. ഹനീഫ സഹായിയായി ഒപ്പം കൂടിയതാണ്. അടുത്തിടെ പാലക്കാട് ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇതെന്ന് പോലീസ് പറഞ്ഞു. ആന്റി നെർക്കോടിക് സെല്ലും ചെർപ്പുളശ്ശേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി ചെർപ്പുളശ്ശേരി സി.ഐ ടി.ശശികുമാർ പറഞ്ഞു.
Discussion about this post