എറണാകുളം: നടൻ ഇന്നസെന്റിന്റെ നില ഗുരുതരമായി തന്നെ തുടരുന്നു. ആശപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിലാണ് നടന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് വ്യക്തമാക്കുന്നത്. നിലവിൽ മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇന്നസെന്റ്.
അദ്ദേഹത്തിന്റെ രക്തത്തിൽ ഓക്‌സിജൻ കുറഞ്ഞു വരികയാണ്. ഗുരുതരമായ പല രോഗാവസ്ഥകളും നടനിൽ പ്രകടമാണ്. അടിസ്ഥാന ആരോഗ്യസൂചകങ്ങൾ ഒന്നും അനുകൂല നിലയിൽ അല്ല. എക്‌മോ സംവിധാനത്തിന്റെ സഹായത്താലാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രി വ്യക്തമാക്കി.
അർബുദത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാൽ ഈ മാസം മൂന്നിനാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായെങ്കിലും പിന്നീട് സുഖം പ്രാപിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനാൽ അദ്ദേഹത്തെ മുറിയിലേക്ക് മാറ്റുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നാലെ വീണ്ടും ആരോഗ്യനില ഗുരുതരമാകുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഈ നില തുടരുകയാണ്.
Leave a Comment