ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്നും ബഹിരാകാശയാത്രികൻ എന്ന നിലയിൽ, അദ്ദേഹം തന്റെ സമർപ്പണം, ധൈര്യം എന്നിവയിലൂടെ ഒരു ബില്യൺ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകിയെന്നും മോദി കുറിച്ചു.
ബഹിരാകാശനിലയത്തിൽ വച്ച് ശുഭാംശു പ്രധാനമന്ത്രിയുമായി സംവദിച്ചിരുന്നു. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് ശുഭാംശുവിനോടു നരേന്ദ്ര മോദി പറഞ്ഞിരുന്നു.ശുഭാംശു..താങ്കളിപ്പോൾ ജന്മഭൂമിയിൽനിന്നും ഭാരതഭൂമിയിൽനിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്. ‘ശുഭം’ എന്നത് താങ്കളുടെ പേരിലുമുണ്ട്. അതിനൊപ്പം തന്നെ താങ്കളുടെ യാത്ര പുതിയ യുഗത്തിന്റെ ശുഭാരംഭം കൂടിയാണ്. ഈ സമയം നമ്മൾ രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നതെങ്കിലും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും കൂടി നമുക്കൊപ്പം ചേരുകയാണ്. എന്റെ ശബ്ദത്തിൽ എല്ലാ ഇന്ത്യക്കാരുടെയും ആവേശം ഉൾച്ചേർന്നിരിക്കുന്നു. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ ഞാൻ താങ്കളെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്യുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
18 ദിവസം നീണ്ട ബഹിരാകാശ ദൗത്യത്തിനൊടുവിലാണ് ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തിയത്.ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തിലാണ് ഡ്രാഗൺ പേടകം വന്നിറങ്ങിയത്.
ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4:45-നാണ് ആക്സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ക്രൂ ഡ്രാഗൺ ഗ്രേഡ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഹാർമണി മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട് ഭൂമി ലക്ഷ്യമാക്കി പുറപ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
Discussion about this post