അബുദാബി : ഷാർജയിൽ ആത്മഹത്യ ചെയ്ത മലയാളി യുവതി വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു. ഇന്ന് ഷാർജയിൽ വെച്ച് കുട്ടിയുടെ സംസ്കാരം നടത്താനായിരുന്നു പിതാവും കുടുംബവും തീരുമാനിച്ചിരുന്നത്. അവസാന നിമിഷത്തിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലോടെയാണ് സംസ്കാരം മാറ്റിവെച്ചത്.
വിപഞ്ചികയുടെ അമ്മയുടെ ആവശ്യപ്രകാരമാണ് ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ ഇടപെട്ടിട്ടുള്ളത്. മകളുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണം എന്നാണ് വിപഞ്ചികയുടെ അമ്മ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം പരിഗണിച്ച ഇന്ത്യൻ കോൺസുലേറ്റ് കുട്ടിയുടെ സംസ്കാരം തടയുകയും രണ്ടു കുടുംബങ്ങളെയും ചർച്ചകൾക്ക് വിളിക്കുകയുമായായിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസുള്ള മകളെയും ഷാർജയിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ കുടുംബം മരണത്തിൽ ദുരൂഹത ആരോപിച്ചിട്ടുണ്ട്. വിപഞ്ചികയുടെ ഭർത്താവ് നിതീഷിന്റെ ഭാഗത്തുനിന്നും കടുത്ത സ്ത്രീധന പീഡനവും മാനസിക പീഡനവും ഉണ്ടായിരുന്നതായി കുടുംബം വ്യക്തമാക്കുന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ച് റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Discussion about this post