എറണാകുളം സൗത്തിലെ അനാശാസ്യ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ ഉത്തരേന്ത്യക്കാരായ ആറ് പെൺകുട്ടികൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.നടത്തിപ്പുകാരിൽ പ്രധാന കണ്ണിയും പാലക്കാട് മണ്ണാർക്കാട് സ്വദേശിയുമായ അക്ബർ അലി, ഇയാളുടെ രണ്ട് സുഹൃത്തുക്കൾ, ഇതര സംസ്ഥാനക്കാരായ ആറു സ്ത്രീകളുമടക്കമാണ് പിടിയിലായത്. വിദ്യാർത്ഥികളും ഐടി പ്രൊഫഷണലുകളും അടക്കം ഇവരുടെ വലയിൽ കുടുങ്ങിയതായാണ് വിവരം.
ആഡംബര കാറിൽ കറങ്ങുന്ന അക്ബർ അലി കൊച്ചിയിൽ രാത്രികാഴ്ചകൾ ആസ്വദിക്കാനായി ഇറങ്ങുന്ന പെൺകുട്ടികളേയും വിദ്യാർത്ഥികളേയും ആദ്യം സുഹൃത്തുക്കളാക്കുകയും പിന്നീട് മയക്കുമരുന്ന് നൽകി വരുതിയിലാക്കിയ ശേഷം അനാശാസ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നതായുമാണ് റിപ്പോർട്ടുകൾ. ലക്ഷങ്ങളാണ് ഇതുവഴി ഇയാൾ സമ്പാദിച്ചിരുന്നത്.
എളമക്കര, കടവന്ത്ര പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് റാക്കറ്റ് കുടുങ്ങിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കടകളുടെ മറവിലായിരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇടപ്പള്ളിയിൽ ഈവിധം അനാശാസ്യകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് എളമക്കര പൊലീസിന് ലഭിച്ച വിവരമാണ് നിർണായകമായത്. പരിശോധനയിൽ ഇടപ്പള്ളിയിൽ നിന്ന് അക്ബർ അലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ ഇവിടെ സ്ത്രീകൾ ആരും തന്നെ ഉണ്ടായിരുന്നില്ല. വിശദമായി ചോദ്യംചെയ്തപ്പോഴാണ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം മറ്റൊരു ‘ബ്രാഞ്ച്’ ഉണ്ടെന്ന് ഇയാൾ വെളിപ്പെടുത്തിയത്. വൈകിട്ട് ഇവിടെ നടത്തിയ പരിശോധനയിലാണ് സ്ത്രീകളെ രക്ഷപ്പെടുത്തിയത്.
Discussion about this post