ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ചു. പ്രൊജക്ട് വിഷ്ണു എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എക്സ്റ്റൻഡഡ് ട്രജക്റ്ററി-ലോങ് ഡ്യൂറേഷൻ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ ആണ് പരീക്ഷിച്ചത്. 1500 കിലോമീറ്റർ പ്രഹരപരിധിയുള്ള ഈ ഹൈപ്പർസോണിക് മിസൈലിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഉയർന്ന കൃത്യതയാണ്. അതിനൊപ്പം റഡാറുകളെ കബളിപ്പിക്കുന്ന സ്റ്റൈൽത്തും മാറ്റുകൂട്ടുന്നു. ഇന്നലെയാണ് മിസൈൽ പരീക്ഷണം നടത്തിയത്.
മിസൈലിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌ക്രാംജെറ്റ് എൻജിനാണ് ഉപയോഗിക്കുന്നത്. മിസൈൽ ഹൈപ്പർ സോണിക് വേഗതയിലെത്തുമ്പോൾ അന്തരീക്ഷത്തിൽനിന്നാണ് ഇന്ധനജ്വലനത്തിനായുള്ള ഓക്സിജൻ വലിച്ചെടുക്കുക. മിസൈലിന്റെ ഭാരം കുറയ്ക്കാൻ സ്‌ക്രാംജെറ്റ് സാങ്കേതികവിദ്യ സഹായിക്കും. മിസൈലിന് ശബ്ദത്തേക്കാൾ എട്ട് മടങ്ങ് വേഗമാർജിക്കാനാകുമെന്നാണ് റിപ്പോർട്ട്. അതായത് മണിക്കൂറിൽ 11,000 കിലോമീറ്റർ വേഗതയിലാകും മിസൈൽ കുതിക്കുക. ഒരോ സെക്കൻഡിലും മൂന്ന് കിലോമീറ്റർ വീതം മിസൈൽ മറികടക്കും. 1000 മുതൽ 2000 കിലോഗ്രാം വരെ ഭാരം വരുന്ന പോർമുനകൾ വഹിക്കാൻ കഴിയുന്ന മിസൈൽ ആണവായുധ ശേഷിയുള്ളതാണ്.
വിക്ഷേപിച്ച് കഴിഞ്ഞാലും ഇടയ്ക്ക് വെച്ച് ലക്ഷ്യം മാറ്റാൻ സാധിക്കും. അതിവേഗത്തിലെത്തുന്നതിനാൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് തടുക്കാൻ സാധിക്കുകയുമില്ല. ആദ്യഘട്ടത്തിൽ കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന തരത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഭാവിയിൽ കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ എന്നിവയിൽ നിന്ന് പ്രയോഗിക്കാവുന്ന പതിപ്പുകളും വികസിപ്പിക്കുമെന്നാണ് പ്രതീക്ഷ.
Discussion about this post