ടെഹ്റാൻ : പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇറാൻ. നിയമപരമായ വിസകളിൽ വന്നവർ പോലും വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാതെ രാജ്യത്ത് തുടരുന്നത് ഇറാന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇറാഖും സമാനമായ രീതിയിലുള്ള പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ കുടിയേറ്റക്കാരായ ജനങ്ങളെ നിയന്ത്രിക്കണമെന്ന് പാകിസ്താൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇറാനും ഇറാഖും.
ആയിരക്കണക്കിന് പാകിസ്താൻ ഷിയകൾ വർഷം തോറും ഇറാഖിലേക്കും ഇറാനിലേക്കും മതപരമായ തീർത്ഥാടനത്തിനായി യാത്ര ചെയ്യുന്നുണ്ട്. ഇവരിൽ പലരും വിസ കാലാവധി കഴിഞ്ഞും ഈ രാജ്യങ്ങളിൽ തുടരുന്നതാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
പാകിസ്താനികളിൽ നിന്നുള്ള വിമാന ജീവനക്കാർ പോലും വിവിധ വിസാ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സുന്നി ഭൂരിപക്ഷ പാകിസ്താനിൽ ഷിയകൾ വിഭാഗീയ വിവേചനവും അക്രമവും നേരിടുന്നതാണ് ഷിയ രാജ്യമായ ഇറാനിലേക്ക് നിയമവിരുദ്ധമായി കുടിയേറാൻ പലരെയും പ്രേരിപ്പിക്കുന്നത്.
ഷിയ മുസ്ലിങ്ങളുടെ ഈ അനധികൃത കുടിയേറ്റം തടയണമെന്നുള്ള ഇറാന്റെയും ഇറാഖിന്റെയും ആവശ്യം പരിഗണിച്ചിരിക്കുകയാണ് ഇപ്പോൾ പാകിസ്താൻ. ഇറാനിലേക്കും ഇറാഖിലേക്കും ഉള്ള മതപരമായ യാത്രകൾക്കായി ഇനി ഷിയ മുസ്ലിങ്ങൾ ഗ്രൂപ്പ് ടൂറുകൾ മാത്രമേ നടത്താവൂ എന്നാണ് പാകിസ്താൻ പുറത്തിറക്കിയിട്ടുള്ള നിർദ്ദേശം. 2026 ജനുവരി 1 മുതൽ ഇറാഖിലേക്ക് ഷിയ തീർഥാടകർ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് നിരോധിക്കുമെന്ന് പാകിസ്താൻ അറിയിച്ചു.
Discussion about this post